banner

വഴി വെള്ളത്തിലായി, ഡെപ്യൂട്ടി കളക്ടറുടെ നിർദ്ദേശത്തിന് പുല്ലുവില; തൃക്കരുവയിൽ മഴയെ പേടിച്ച് ഒരു കുടുംബം


കാഞ്ഞാവെളി : വഴി വെള്ളത്തിലായതിനെ തുടർന്ന് നിത്യജീവിതത്തിന് തടസ്സം നേരിട്ട് ഒരു കുടുംബം. തൃക്കരുവ പഞ്ചായത്ത് ആശുപത്രിക്ക് സമീപം, പോച്ചയിൽ കായൽവാരത്തിനടുത്തായി താമസിക്കുന്ന മനോജും ഭാര്യയും വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന അമ്മയും അടങ്ങുന്ന ഒരു കുടുംബമാണ് പഞ്ചായത്തിന്റേയും വാർഡ് മെമ്പറുടേയും ഗുരതരമായ അനാസ്ഥയാൽ വീട്ടിൽ നിന്നും പുറത്തിറങ്ങുവാനാകാതെ കഷ്ടപ്പെടുന്നത്. വെള്ളക്കെട്ട് നിലനില്ക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം മൂലം സന്ധ്യ മയങ്ങിയാൽ പുറത്തേയ്ക്ക് ഇറങ്ങുവാൻ പറ്റാത്ത അവസ്ഥയാണ്.

മൂലേവെളി ജങ്ഷനിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലൂടെ പോച്ചയിൽ കായൽവാരത്തേയ്ക്കുള്ള പഞ്ചായത്ത് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്. പഞ്ചായത്ത് ആശുപത്രി പരിസരത്ത് നിന്നും മറ്റും മഴ പെയ്താൽ ഒലിച്ചു വരുന്ന വെള്ളം കായലിലേയ്ക്ക് ഒഴുകി പോകുന്നതിന് മുമ്പ് നിർമ്മിച്ച ഓട സ്ഥലവാസികൾ മണ്ണിട്ട് മൂടിയതും വെള്ളം ഒഴുകി പോകുന്നതിനുള്ള മറ്റു വഴികൾ കെട്ടി അടച്ചതും റോഡിൽ വെള്ളം കെട്ടി നില്ക്കുവാൻ കാരണമായതായി കുടുംബം ആരോപിക്കുന്നു. ഈ വഴിയിലൂടെ പരിസരത്തെ വസ്തുവിലേയ്ക്ക് ടിപ്പറിൽ മണ്ണിടച്ചതിന്റെ ഫലമായി വെള്ളക്കെട്ടിൽ കുഴികൾ രൂപപ്പെടുകയും റോഡിലെ വെള്ളത്തിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്ക്കരമാകുകയും ചെയ്തു.

പരാതിയുമായി കളക്ട്രേറ്റിൽ...

ദുരിത ജീവിതത്തിന് പരിഹാരം കാണാൻ മനോജും അമ്മ അരുന്ധതിയും മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ ആശ്വാസമായത് കളക്ട്രേറ്റിൽ നൽകിയ പരാതിയാണ്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്ഥലം പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാണിച്ച് ഡെപ്യൂട്ടി കളക്ടർ നൽകിയ നിർദ്ദേശത്തിന് പുല്ലുവിലയാണ് തൃക്കരുവ ഗ്രാമപഞ്ചായത്ത് കല്പിച്ചിരിക്കുന്നത്. നിർദ്ദേശം വാങ്ങി വയ്ക്കുകയും സ്വീകരിച്ച രസീത് നൽകുകയും ചെയ്തതല്ലാതെ ഒരു നടപടിയും നാളിത് വരെ ഉണ്ടായിട്ടില്ല.

ആരോഗ്യ പ്രശ്നങ്ങൾ ഏറെ....

പഞ്ചായത്ത് ആശുപത്രി ഭാഗം മുതൽ ഒഴുകിവരുന്ന വെള്ളമായതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ആശങ്ക ഏറെയാണ്. മാത്രമല്ല ഈ വെള്ളത്തിലൂടെയുള്ള സഞ്ചാരം ത്വക് രോഗങ്ങൾ ഉണ്ടാക്കുമെന്നും മനോജ് ഭയക്കുന്നു..

വെള്ളത്തിലൂടെ നീന്തി ഫുൾ എ പ്ലസ്സിൻ്റെ ഉജ്വല വിജയം....

ഈ വെള്ളത്തിലൂടെ നിന്തി സ്കൂളിൽ പോയി പരീക്ഷ എഴുതി മകൾ വാങ്ങിയ ഉജ്വല വിജയത്തേക്കുറിച്ച് കണ്ണീരോടെയല്ലാതെ മനോജിന് പറയാനും സാധിക്കുന്നില്ല.

Post a Comment

0 Comments