തിരുവനന്തപുരം : അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്ക്കുകയായിരുന്ന പൂവാര്‍ ചെക്കടി സ്വദേശിയായ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേർ പൊലീസ് പിടിയിലായി. കന്യാകുമാരി മേല്‍പ്പാലത്ത് നിലാവണിവിളയില്‍ ഇരുപത്തിയഞ്ചുകാരനായ പ്രദീപ്, വിളവന്‍കോട് അയന്തിവിള വീട്ടില്‍ ഇരുപത്തിയൊൻപത്കാരനായ മെര്‍ളിന്‍ എന്നിവരെയാണ് പൂവാര്‍ പൊലീസ് അന്വേഷണത്തിലൂടെ പിടികൂടിയത്.
ഒക്ടോബര്‍ 21നാണ് മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയത്. ബന്ധുക്കളിൽ നിന്ന് കുട്ടിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ നാലു ദിവസത്തിന് ശേഷം പ്രതികള്‍ പിടിയിലായത്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കുട്ടി സംഭവ ദിവസം തമിഴ്‌നാട്ടുകാരനെ നിരന്തരം വിളിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തതോടെ തമിഴ്‌നാട് രാമനാഥപുരത്താണ് പ്രതികളെന്ന് പൊലീസ് മനസിലാക്കി. പ്രതികളിലൊരാളായ പ്രദീപിന്റെ ബന്ധുവീട്ടില്‍ രാമനാഥപുരം പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് സംഘം കുട്ടിയുമായി മുങ്ങി. രാമനാഥപുരം, മാര്‍ത്താണ്ഡം, രാമേശ്വരം, ധനുഷ്‌ക്കോടി, കുലശേഖരം എന്നിവിടങ്ങളില്‍ അന്വേഷണം സംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് 23ന് വൈകിട്ട് കുട്ടി പിതാവിനെ ഫോണില്‍ വിളിച്ചതോടെയാണ് പ്രതികളെ പിടികൂടാന്‍ വഴിതെളിഞ്ഞത്. രാത്രിയോടെ പേച്ചിപ്പാറയില്‍ എത്തിയ സംഘം തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കുട്ടിയെയും തട്ടിക്കൊണ്ടു പോയവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.
0 Comments