banner

കൊല്ലത്ത് മോട്ടോർ വാഹന വകുപ്പിന് മുന്നിൽ വ്യാജരേഖ സമർപ്പിച്ച കേസിൽ 18കാരൻ പിടിയിൽ, രണ്ട് പേർ ഒളിവിൽ

കൊല്ലം : ശാസ്താംകോട്ടയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പാസായി എന്ന് കാണിച്ച് വ്യാജ രേഖകൾ കെട്ടിച്ചമച്ച കേസിൽ മൂന്ന് പേർക്കെതിരെ കേസ്. മൈനാഗപ്പള്ളി സ്വദേശി ഉമറുൽ ഫാറൂഖ് (18), ഡ്രൈവിങ് സ്കൂൾ ഉടമയും മൈനാഗപ്പള്ളി സ്വദേശിയുമായ ഷാജഹാൻ (ഷാജി– 37), ഇടനിലക്കാരൻ പോരുവഴി മയ്യത്തുംകര സ്വദേശി അഫ്സൽ (25) തുടങ്ങിയവർക്കെതിരെയാണ് ശൂരനാട് പൊലീസ് കേസെടുത്തത്.

ഡ്രൈവിങ് ലൈസൻസ് നേടുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഡ്രൈവിംഗ് ടെസ്റ്റുകളുടെ പാസ് രേഖയാണ് കൃതൃമമായി നിർമ്മിച്ചത്. യഥാക്രമം ഇരുചക്രവാഹനത്തിനെയും, നാല് ചക്രവാഹത്തിൻ്റെയും ടെസ്റ്റുകളായ  'എട്ടും, എച്ചും' പാസായി എന്ന് കാണിച്ചാണ് യുവാക്കൾ വ്യാജരേഖ കെട്ടിച്ചമച്ചത്. 

എന്നാൽ യുവാവ് സമർപ്പിച്ച രേഖയിൽ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സംശയം തോന്നുകയും പരിശോധിക്കുകയും ഇത് വ്യാജമായി നിർമ്മിച്ചതെന്ന് ബോധ്യപ്പെടുകയുമായിരുന്നു. എട്ടും എച്ചും പാസായതായി വെഹിക്കിൾ ഇൻസ്പെക്ടര്മാരുടെ ഒപ്പുകൾ വ്യാജമായി ഇട്ട ഫോമും ഇയാളുടെ പക്കൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

തുടർന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ പരാതിയിന്മേൽ ശൂരനാട് പൊലീസ് കേസെടുത്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഉമറുൽ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും  മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയും ആണെന്ന് ശൂരനാട് പൊലീസ് ഐ.എസ്.എച്ച്.ഓ ശ്യാം കെ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

Post a Comment

0 Comments