banner

കനത്ത മഴയ്ക്ക് പിന്നാലെ കൊല്ലം കോട്ടയം ജില്ലകളിൽ ഉരുള്‍പൊട്ടല്‍

കോട്ടയം : കോട്ടയം എരുമേലിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. മൂന്ന് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലില്‍പ്പെട്ട ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചു. മറ്റുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. 

ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. അപകടാവസ്ഥയിലുള്ള വീടുകളില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു വരുകയാണ്. കോട്ടയത്തെ മലയോര മേഖലയില്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്തെങ്കിലും ഇപ്പോള്‍ മഴ മാറിനില്‍ക്കുന്ന സാഹചര്യമാണ്. 

പത്തനംതിട്ടയില്‍ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടി. കൊക്കാത്തോട് വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്നാണ് കരുതുന്നത്. അഞ്ചോളം വീടുകളില്‍ വെള്ളം കയറി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് വലിയ കൃഷി നാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 

ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴയെതുടര്‍ന്ന് രാത്രിയോടെയാണ് അമ്പനാട് മെത്താപ്പ് ഭാഗത്ത് ഉരുള്‍പൊട്ടിയത്. കൂടാതെ കഴുതുരുട്ടി-അമ്പനാട് റോഡില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ കല്ലും മണ്ണും മൂടി യാത്രാക്ലേശം രൂക്ഷമായി. ഇരുചക്രവാഹനങ്ങക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടു. 

അമ്പനാട് തോട്ടം മേഖലയില്‍ ഏലം, തേയില, ഗ്രാമ്പൂ ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് കനത്ത നാശമുണ്ടായി. കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെ പെയ്ത മഴ പുലര്‍ച്ചെ വരെ നീണ്ടു നിന്നു. ഇതോടെ കഴുതുരുട്ടി ആറ്റില്‍ കനത്ത വെള്ളമൊഴുക്ക് അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഉരുള്‍പൊട്ടിയ ഇടപ്പാളയം മേഖലകളില്‍ വീണ്ടും വെള്ളമൊഴുക്ക് അനുഭവപ്പെട്ടു. 

അമ്പനാട് ഭാഗത്ത് മൂന്നിടത്ത് നേരിയതോതില്‍ ഉരുള്‍പൊട്ടിയതായി പ്രാഥമികവിവരം ഉണ്ടെന്നും പ്രദേശത്ത് യാത്രാക്ലേശം ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. കൂടാതെ അച്ചന്‍കോവില്‍ കെടമല ഭാഗത്തും ഉരുള്‍പൊട്ടി. അലിമുക്ക്-അച്ചന്‍കോവില്‍ ഗതഗതം പുണ്ണമായും നിലച്ചു. റോഡിലെ പല കലുങ്കകളും തകര്‍ന്നു. അച്ചന്‍കോവില്‍ മുന്നുമുക്ക് റോഡ്, കുഴിഭാഗളിലും റോഡിന്റെ വശത്ത് മണ്ണിടിച്ചിലുണ്ട്.

Post a Comment

0 Comments