banner

വയോധികയെ മർദ്ദിച്ച സംഭവം, കൊല്ലത്തെ 'അര്‍പ്പിത സ്‌നേഹാലയം' അടച്ചുപൂട്ടാൻ കളക്ടറുടെ ഉത്തരവ്

കൊല്ലം : അഞ്ചലിലെ വിവാദമായ ആശ്രയ കേന്ദ്രം അര്‍പ്പിത സ്‌നേഹാലയം അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്. ഇവിടുത്തെ അന്തേവാസിയായ വയോധികയെ പ്രാര്‍ഥനയ്ക്കിടയില്‍ ഉറങ്ങിയതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ ചൂരല്‍ കൊണ്ടടിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് സ്ഥാപനം പൂട്ടാനുള്ള നടപടി.

അര്‍പ്പിത സ്‌നേഹാലയം മേധാവി അഡ്വ. സജീവനാണ് വയോധികയെ മർദ്ദിച്ചത്. ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. സജീവന്റെ ക്രൂരമായ പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു. ഐ.പി.സി 324 അനുസരിച്ചാണ് സജീവനെതിരെ കേസെടുത്തിരിയ്ക്കുന്നത്.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിവിധവകുപ്പുകള്‍ ഇവിടെ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീമാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തു വിട്ടത്. ആരോഗ്യസ്ഥിതി മോശമായ മറ്റൊരു വയോധികയോട് പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് ശകാരിയ്ക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടതിന് മുന്‍ജീവനക്കാരന്‍ തനിയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് എന്നാണ് സജീവന്‍ പ്രതികരിച്ചത്.

إرسال تعليق

0 تعليقات