മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി 400 തവണ പീഡനത്തിനിരയായതായി പരാതി. പരാതിയിൽ പറയുന്നത് പ്രകാരം പൊലീസുകാരന്‍ ഉള്‍പ്പെടെയുള്ള പ്രതികൾ ആറു മാസത്തോളം ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതി പ്രവര്‍ത്തകരുടെ സംരക്ഷണത്തിലുള്ള കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ ഇടപ്പെട്ട് മറ്റൊരാളുമായി എട്ട് മാസത്തിന് മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഭര്‍തൃ വീട്ടിലെ പീഡനത്തിന് പിന്നാലെ ഓടി രക്ഷപെട്ട പെണ്‍കുട്ടി അച്ഛന്റെ അടുത്തേക്ക് മടങ്ങിയെത്തിയെങ്കിലും ബന്ധുക്കൾ സ്വീകരിക്കാൻ തയ്യാറായില്ല. തുടര്‍ന്ന് അമ്പാജോഗൈയിലെ ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷയെടുത്താണ് കുട്ടി ജീവിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ ചേര്‍ന്ന് ക്രൂര പീഡനത്തിനിരയാക്കി എന്നാണ് കുട്ടി നൽകിയിരിക്കുന്ന മൊഴി.
കൂട്ട ബലാത്സംഗം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി അമ്പാജോഗൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് അവഗണിച്ചതായും പരാതിയിൽ സൂചിപ്പിക്കുന്നു. പരാതി നല്‍കാനെത്തിയ സമയം പൊലീസുകാരനും പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പറഞ്ഞു. പോക്‌സോ വകുപ്പും ബാലവിവാഹ നിരോധന നിയമപ്രകാരവുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബീഡ് പൊലീസ് അറിയിച്ചു.
0 Comments