ടൂറിസം വകുപ്പ് മന്ത്രി മുട്ടംസെട്ടി ശ്രീനിവാസ റാവുവിന്റെ സുരക്ഷാ വാഹനമിടിച്ചാണ് നിര്‍മാണ തൊഴിലാളിയായ ജി. സൂര്യനാരായണ കഴിഞ്ഞ ദിവസം മരിച്ചത്.
മാധവധാര ദേശീയപാതയിലായിരുന്നു അപകടം. ഇരുചക്ര വാഹനത്തില്‍ എത്തിയ സൂര്യനാരായണയെ കാര്‍ ഇടിച്ചിട്ടശേഷം വാഹനം നിർത്താതെ പോയി. പരിക്കേറ്റ റോഡിൽ തെറിച്ചുവീണ ഇയാളെ ആശുപത്രിയിലെത്തിക്കാൻ ആരും സന്നദ്ധത കാട്ടിയില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രവര്‍ത്തകരും സൂര്യനാരായണയുടെ ബന്ധുക്കളും സീതമ്മധരയിലെ മന്ത്രിയുടെ വീടിന് മുമ്പില്‍ തടിച്ചുകൂടുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
പ്രതിഷേധം ശക്തമായതോടെ യുവാവിന്റെ ബന്ധുക്കളും ട്രേഡ് യൂണിയന്‍ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി. സൂര്യനാരായണയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിക്കും രണ്ടു മക്കള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതിനിടെ ജനസേന പ്രവര്‍ത്തകരും മന്ത്രിയുടെ വീടിന് മുമ്പില്‍ ധര്‍ണയുമായി തടിച്ചുകൂടി. സൂര്യനാരായണയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.
0 تعليقات