banner

ഡിജിപി അനില്‍ കാന്തിന്റെ കാലാവധി നീട്ടി, 'വിരമിച്ച ശേഷവും ഡിജിപി'

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് അനില്‍ കാന്തിന്റെ കാലാവധി നീട്ടിയതോടെ ഒട്ടേറെ മുതിര്‍ന്ന ഐ.പി.എസുകാരുടെ ഡി.ജി.പി മോഹം തുലാസിലായി. ടോമിന്‍ തച്ചങ്കരി, സുദേഷ്കുമാര്‍, ബി.സന്ധ്യ, എസ്.ആനന്തകൃഷ്ണന്‍ എന്നിവരുടെ സാധ്യതയാണ് ഇതോടെ അടയുന്നത്. കാലാവധി നീട്ടുന്നതോടെ വിരമിച്ച ശേഷവും ഡി.ജി.പിയായി തുടരുന്ന കേരളത്തിലെ ആദ്യ ഉദ്യോഗസ്ഥനായും അനില്‍കാന്ത് മാറും.

സുദേഷ്കുമാറിന്റെയും ബി.സന്ധ്യയുടെയും സീനിയോരിറ്റി മറികടന്നാണ് ജൂലായില്‍ അനില്‍കാന്തിനെ പിണറായി സര്‍ക്കാര്‍ പൊലീസ് മേധാവിയാക്കിയത്. ഡി.ജി.പി റാങ്കിലെ ഏറ്റവും ജൂനിയര്‍ ഇപ്പോഴും അനില്‍കാന്താണ്. എന്നിട്ടും വിരമിച്ച ശേഷവും പൊലീസ് മേധാവിയാവുകയെന്ന അപൂര്‍വ ഭാഗ്യമാണ് സര്‍ക്കാര്‍ അനില്‍കാന്തിന് നല്‍കുന്നത്. പൊലീസ് മേധാവിയാകുന്നയാള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷം കാലാവധി നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചാണ് 2023 ജൂണ്‍ 30 വരെ നീട്ടിയതെന്നാണ് വിശദീകരണം. അത്രയും നാള്‍ അദേഹം മേധാവി സ്ഥാനത്ത് തുടര്‍ന്നാല്‍ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് പൊലീസ് മേധാവിയെന്ന സ്വപ്നം പൂവണിയാതെ പടിയിറങ്ങേണ്ടിവരിക. ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍, ബി. സന്ധ്യ, എസ്. ആനന്തകൃഷ്ണന്‍ എന്നിവരാണവര്‍. സുദേഷ്കുമാര്‍, ബി. സന്ധ്യ, എസ്.ആനന്തകൃഷ്ണന്‍ എന്നിവര്‍ അനില്‍കാന്തിന്റെ കാലാവധി തീരും മുന്‍പ് വിരമിക്കും.

തച്ചങ്കരിക്ക് അനില്‍ കാന്തിന്റെ കാലാവധിക്ക് ശേഷവും ഒരു മാസം കൂടി സര്‍വീസുണ്ടെങ്കിലും കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയില്ലാത്തവരെ പൊലീസ് മേധാവിയാക്കരുതെന്ന ചട്ടം തിരിച്ചടിയാവും. കാലാവധി നീട്ടല്‍ കൊണ്ട് അനില്‍കാന്ത് മറികടക്കുന്ന മറ്റൊരാള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുണ്‍കുമാര്‍ സിന്‍ഹയാണ്. അതേസമയം സുപ്രീംകോടതി ഉത്തരവ് പാലിക്കാനിറങ്ങിയ സാങ്കേതിക നടപടി മാത്രമാണ് കാലാവധി നീട്ടലെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നുണ്ട്. ഉത്തരവ് നിലനില്‍ക്കുമ്പോഴും അനില്‍കാന്ത് സ്വയം വിരമിക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് അംഗീകരിക്കാനാവും. അങ്ങിനെയെങ്കില്‍ സി.പി.എമ്മിന് താല്‍പര്യമുള്ള തച്ചങ്കരി വീണ്ടും പരിഗണിക്കപ്പെടുമെന്നും അവര്‍ പറയുന്നു.

Post a Comment

0 Comments