banner

ഇന്ധന നികുതിയിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി; കൂട്ടിയവര്‍ കുറയ്ക്കട്ടെയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ

സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാത്തതിനെ സംബന്ധിച്ച് സഭയിൽ ന്യായീകരണ വാദമുയർത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ കേരളത്തിലും ആനുപാദികമായ കുറവുണ്ടായതായി ധനമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. കേരളം കഴിഞ്ഞ ആറുവര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും, നികുതി വർധിപ്പിച്ചവർ തന്നെ കുറയ്ക്കട്ടെയെന്നും മന്ത്രി സഭയിൽ പറഞ്ഞു.

സർചാർജിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. ഉമ്മൻ‌ചാണ്ടി സർക്കാർ 13 തവണയാണ് നികുതി വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടി നിയമസഭയിൽ എത്തിയതും ധനമന്ത്രി പരിഹസിച്ചു. സൈക്കിളും കാളവണ്ടിയും പോകേണ്ടത് ഡൽഹിയിൽ ആണ്. പാര്‍ലമെന്‍റിലേക്ക് സൈക്കിളില്‍ പോകാന്‍ 19 പേരുണ്ടല്ലോ? എന്താണ് പോകാത്തതെന്നും ധനമന്ത്രി ചോദിച്ചു.

അതേസമയം സംസ്ഥാനത്ത് നടക്കുന്നത് നികുതി ഭീകരതയാണെന്ന് കെ ബാബു എം എൽ എ ആരോപിച്ചു. കേന്ദ്രം ഇന്ധന വില കുറയ്ക്കരുതേ എന്നാണ് സംസ്ഥാന ധനമന്ത്രിയുടെ മനസിലിരുപ്പ്. അപകടത്തിൽ മരിച്ചവരുടെ മോതിരം അടിച്ചുമാറ്റുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments