കോഴിക്കോട് : വാടകയിനത്തിൽ കുടിശ്ശിശികയായി ലഭിക്കാനുള്ള പണം ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വനിതാ എസ്ഐയുടെ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ വനിതാ എസ്ഐ കെ.സുഗുണവല്ലിയെ ആണ് സസ്പെൻഡ് ചെയ്തത്. ഫറോക്ക് അസിസ്റ്റൻഡ് കമ്മീഷണർ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ചിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ വനിതാ എസ്ഐ സുഗുണവല്ലി കഴിഞ്ഞ നാലു മാസമായി വാടക നൽകുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയിൽ നിന്നുളള കുടുംബമാണ് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും എസ്ഐ സുഗുണവല്ലി ആദ്യം ഹാജരായില്ല. നാലു ദിവസത്തിന് ശേഷം പന്നിയങ്കര സ്റ്റേഷനിൽ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭർത്താവ് തന്റെ കൈയിൽ കയറി പിടിച്ചതായി പരാതി നൽകി. തന്റെ വിവാഹ മോതിരം ഊരിയെടുത്തെന്നും വീടിന് നൽകിയ അഡ്വാൻസ് തുകയായ 70000രൂപയും ചേർത്ത് ഒരു ലക്ഷം രൂപ തിരികെ തിരികെ കിട്ടാനുണ്ടെന്നും പരാതിയിലുണ്ടായിരുന്നു.
തുടർന്ന് പന്നിയങ്കര പൊലീസ് വീട്ടുടമയുടെ മരുമകനെതിരേ പീഡനക്കുറ്റം ചുമത്തി കേസ് എടുത്തു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുളള വൈരാഗ്യത്തിൽ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണിതെന്ന് വ്യക്തമായത്. ഇതോടെയാണ് ഇവർക്കെതിരേ വകുപ്പ് തല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയത്
0 Comments