banner

സർക്കാരിന് മുന്നേ മദ്യത്തിന് ഹോം ഡെലിവറി സേവനം; കൊല്ലത്ത് 70കാരൻ അറസ്റ്റിൽ

കൊല്ലം : കൊവിഡിനിടയിൽ ശരാശരി മലയാളികൾ ആലോചിച്ച വിഷയമാണ് മദ്യം വീട്ടുപടിക്കൽ എത്തുന്ന സേവനം. നമ്മളേക്കാൾ ഉപരി സർക്കാരും ഈക്കാര്യം പരിശോധിച്ചിരുന്നു. എന്നാൽ ഇത് പ്രാവർത്തികമാക്കിയ 70 കാരനെ പൂയപ്പള്ളി പൊലീസ് പൊക്കിയിരിക്കുകയാണ് ഇപ്പോൾ. അനധികൃതമായി വിദേശ മദ്യവില്പന നടത്തിവന്ന മരുതമൺപള്ളി കോഴിക്കോട്, കാറ്റാടി പ്ലാവിള വീട്ടിൽ കെ.എം.ഹൗസിൽ മാത്തുക്കുട്ടി (70) ആണ് പൊലീസ് പിടിയിലായത്.

ആവശ്യക്കാർക്ക് വീട്ടുപടിക്കൽ മദ്യം എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ചെങ്കുളം കുരിശിൻ മൂട് ഭാഗത്ത് മാത്തുക്കുട്ടി സ്കൂട്ടറിൽ എത്തിച്ച വിദേശമദ്യം പരിസരത്ത് വിൽപ്പന നടത്തുന്നതായി പൂയപ്പള്ളി സി.ഐ.രാജേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ അഭിലാഷും സംഘവും നടത്തിയ പരിശോധനയിൽ മദ്യകച്ചവടം നടത്തിക്കൊണ്ടിരുന്ന മാത്തുക്കുട്ടിയെ പിടികൂടുകയായിരുന്നു. 

തുടർന്ന് ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ ഒരു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 1890 രൂപയും കണ്ടെടുത്തു. ബിവറേജ് കോർപറേഷൻ്റെ ഓയൂരിലെ ഔട്ട് ലെറ്റിൽ നിന്നും വാങ്ങുന്ന വിദേശമദ്യം ആവശ്യക്കാർക്ക് അതാതു സ്ഥലങ്ങളിൽ കൊണ്ടെത്തിച്ച് കൊടുക്കുന്നതായിരുന്നു പതിവ് എന്ന് പോലീസ് പറയുന്നു. പണത്തിനുള്ള അളവിന് മദ്യം ലഭിക്കുമെന്നതിനാൽ ധാരാളം ആവശ്യക്കാരും ഉണ്ടായിരുന്നു. ഇങ്ങനെ കച്ചവടം നടത്തി കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മാത്തുക്കുട്ടി പോലീസിൻ്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

0 Comments