കുരീപ്പുഴ : സ്വകാര്യ വ്യക്തി പൊതുവഴിയിൽ മലിനജലം ഒഴുക്കി വിടുന്നതായി പ്രദേശവാസികളുടെ പരാതി. കുരീപ്പുഴ മേലെമങ്ങാട് റോഡിലാണ് സംഭവം. ദീർഘനാളായി മലിനജലം റോഡിൽ ഒഴുക്കി വിടുന്ന സ്ഥിതിയാണ് ഉള്ളത്. ഡിവിഷൻ കൗൺസിലറോട് പ്രദേശവാസികൾ പരാതിപ്പെട്ടെങ്കിലും നാളിതുവരെ നടപടിയുണ്ടായിട്ടില്ല.
രാത്രിയുടെ മറവിലാണ് ഇത്തരത്തിലൊരു അക്രമം. ഇതുമൂലം പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്. ഇത്തരത്തിൽ മലിന ജലം ഒഴുകി പോകുന്നതിനാൽ കാൽനട യാത്ര അസഹ്യമാകുന്നതായും പ്രദേശവാസികൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.
കുട്ടികളും മുതിർന്നവരും ഒരു പോലെ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഇത്. അതിനാൽ അസഹ്യമായ ദുർഗന്ധം വമിക്കുന്നത് മൂലം ശ്വാസമുട്ടലും, തലകറക്കവും, ചർദ്ദിയും ഇവിടെ താമസിക്കുന്നവർക്ക് സ്ഥിരമാണ്. അടിയന്തിര നടപടിയെടുത്ത് പൊതുജനങ്ങളോടുള്ള അക്രമത്തിന് വിലക്കേർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
0 Comments