banner

ആലപ്പുഴയിൽ ഇടത് പ്രവർത്തകർക്ക് നേരെ ആക്രമണം; ഒരാൾക്ക് കുത്തേറ്റു, അഞ്ച് പേർ പിടിയിൽ

ആലപ്പുഴ : മാവേലിക്കരയില്‍ ഇടത് പ്രവർത്തകർക്ക് നേരെ ആക്രമണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ അഞ്ച് പേരാണ് പിടിയിലായത്. ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖലാ കമ്മിറ്റിയംഗവും എസ്എഫ്‌ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ വെട്ടിയാര്‍ ശരവണയില്‍ അരുണ്‍കുമാറിനെ (21), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥുന്‍, ജസ്റ്റിന്‍ എന്നിവരെയുമാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍  അക്രമിച്ചത്.

തുടർന്ന് ഷമീര്‍, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവർ പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 9 മണിയോടെയാണ് കേസിനാസ്പപദമായ സംഭവം നടക്കുന്നത്. കുത്തേറ്റ അരുണ്‍ സുഹൃത്തിന്റെ കല്യാണവുമായി ബന്ധപ്പെട്ട് മംഗളപത്രം കൊടുക്കേണ്ട ആവശ്യത്തിന് വെട്ടിയാര്‍ മാമ്പ്ര കോളനിയിലുള്ള മറ്റൊരു സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെ ബൈക്കുകള്‍ തമ്മില്‍ തട്ടിയത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമത്തിലേക്ക് വഴിതെളിച്ചത്. 

തര്‍ക്കം പരിഹരിക്കാന്‍ എന്ന വ്യാജേനയാണ് തങ്ങളെ വിളിച്ചുവരുത്തിയതെന്ന് ആക്രമണത്തിനിരയായ അരുണ്‍ പറയുന്നു.  നിലത്തിട്ട് ചവിട്ടിയ ശേഷം കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഇല്ലായിരുന്നു എങ്കില്‍ കൊലപ്പെടുത്തിയേനെയെന്നും അരുണ്‍ പറഞ്ഞു. അരുണിന്റെ വലത് നെഞ്ചിനാണ് കുത്തേറ്റത്. തുടയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അരുണിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Post a Comment

0 Comments