ഒമാൻ: ഒമാനിൽ നിന്നുള്ള യാത്രക്കാർക്കും ഒമാനിലെത്തുന്നവർക്കും പി.സി.ആർ ടെസ്റ്റുകൾ നിർബന്ധമാണെന്ന നിയമത്തിൽ ഇളവു വേണമെന്ന ആവശ്യവുമായി ട്രാവൽ ഓപറേറ്റർമാർ സർക്കാറിനെ സമീപിക്കുന്നു. രണ്ടു കോവിഡ് വാക്സിനുകൾ എടുത്തവർക്ക് പി. സി.ആർ ടെസ്റ്റുകൾ ഒഴിവാക്കുകയോ ചെലവും പ്രയാസവും കുറഞ്ഞ ആൻറിജൻ പരിശോധന നടത്തുകയോ വേണമെന്നാണ് ട്രാവൽ ഓപറേറ്റർമാർ ആവശ്യപ്പെടുന്നത്. ട്രാവൽ മേഖല ഗുരുതര വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ വിമാന സർവിസുകൾ പുനഃസ്ഥാപിക്കാൻ സർക്കാറുകൾ സഹകരിക്കണമെന്ന് അയാട്ട സർക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപറേറ്റർമാർ ആവശ്യമുന്നയിക്കുന്നത്.
നിലവിൽ ഒമാനിൽ പി.സി.ആർ പരിശോധനകൾക്ക് 15 റിയാലും ആരോഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റിന് അഞ്ച് റിയാലുമാണ് ഈടാക്കുന്നത്. അതായത് ഒമാനിൽ നിന്നുള്ള ഒരു യാത്രക്കാരൻ വിമാന ടിക്കറ്റിന് പുറമെ 20 റിയാൽ അധികം നൽകണം. ഇത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നു. പി.സി.ആർ ടെസ്റ്റിന്റെ ഫലം വരുന്നതുവരെ യാത്രക്കാർ ആശങ്കയിലുമാണ്. ചില അവസരങ്ങളിൽ പൂർണ ആരോഗ്യമുള്ള കോവിഡ് രോഗ ലക്ഷണമില്ലാത്തവരുടെ പരിശോധന ഫലം പോലും പോസിറ്റിവാകുന്ന സംഭവങ്ങളുമുണ്ടന്ന് ട്രാവൽ ഓപറേറ്റർമാർ പറയുന്നു. രണ്ടു വാക്സിൻ എടുത്തവർക്കുപോലും വരുന്ന ഇത്തരം അനുഭവങ്ങൾ സാങ്കെതികമാണോ അല്ലയോ എന്നുപറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. എന്തായാലും ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ മനഃസ്ഥിതി മാറ്റുകയും യാത്രകൾ മാറ്റിവെക്കേണ്ടി വരുകയും ചെയ്യും. ടിക്കറ്റ് നിരക്കുകൾ റീ ഫണ്ട് ചെയ്യുന്നതടക്കം നഷ്ടങ്ങൾ വിമാന കമ്പനികൾക്കും ഉണ്ടാവുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ യാത്ര ചെയ്തവർ ഓരോ പ്രാവശ്യം യാത്ര ചെയ്യുമ്പോഴും പി.സി.ആർ ടെസ്റ്റുകൾ എടുത്തവരാണ്. ഇടക്കിടെ യാത്രകൾ നടത്തുന്നവർക്ക് സമയ, പണ നഷ്ടം പി.സി.ആർ ടെസ്റ്റുകൾ ഉണ്ടാക്കുന്നു.
അതിനാൽ രണ്ടു വാക്സിൻ എടുത്ത പൂർണ ആരോഗ്യവാന്മാർക്ക് ഇളവുനൽകണമെന്നാണ് ഇവർ സർക്കാറിനാട് ആവശ്യപ്പെടുന്നത്. അതിനിടെ ഉയർന്ന വിമാന ടിക്കറ്റുകൾക്കൊപ്പം പി.സി.ആർ പരിശോധനയുടെ അധിക ചെലവ് കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കുന്നു. മാസത്തിൽ 200 റിയാലിൽ താഴെ മാസ വരുമാനമുള്ളവരാണ് ശരാശരി പ്രവാസികൾ. നാട്ടിൽനിന്ന് തിരിച്ചു വരുേമ്പാഴുള്ള ക്വാറന്റൈനും വിമാനത്താവളത്തിലെ പി.സി.ആർ ടെസ്റ്റും ഒഴിവാക്കിയത് ഇത്തരക്കാർക്ക് ഏറെ സന്തോഷം നൽകുന്നു. ഇതോടെ നാട്ടിൽ കുടുങ്ങിയ പലരും തിരിച്ചുവരാനും തുടങ്ങി. എന്നാൽ, ഒമാനിൽനിന്നുള്ള യാത്രക്കാർക്ക് പി.സി. ആർ ടെസ്റ്റുകൾ നിർത്തിയാലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പ്രവേശനാനുമതി നിഷേധിക്കപ്പെടുമോ എന്നതിലും ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചുള്ള തീരുമാനമാണ് അധികൃതരിൽനിന്ന് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.
0 Comments