മഴയെ തുടർന്നുണ്ടായ പ്രളയത്തില്‍ മുങ്ങി ചെന്നൈ. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറി നഗരത്തിലെ 65,000 ഓളം വീടുകളിലേക്കുള്ള വൈദ്യുത സംവിധാനം പൂർണ്ണമായും നിലച്ചു. വെള്ളം കയറിക്കിടക്കുന്നതിനാൽ അപകടവസ്ഥ ഒഴിയുന്നത് വരെ ചിലയിടങ്ങളിൽ ഇരുചക്ര വാഹനത്തില്‍ പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്.
ചെന്നൈ നഗരത്തിൻ്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും മഴയ്ക്ക് ഇടവിട്ട് ശമനം ഉണ്ടായിരുന്നെങ്കിലും വെള്ളം ഉയരുകയാണ്. മറീന ബീച്ചിലേക്കു പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു, പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മറീനയിലേക്കുള്ള വഴികളെല്ലാം പൊലീസ് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രവേശന മാര്‍ഗങ്ങളിലെല്ലാം കാവലും ഏര്‍പ്പെടുത്തി. മണല്‍പ്പരപ്പിലെ വെള്ളക്കെട്ടു കാണാന്‍ മുന്നറിയിപ്പുകളെ അവഗണിച്ചും ആളുകളെത്തുന്നതിനാല്‍ അപകടങ്ങളൊഴിവാക്കാനായി പൊലീസ് പട്രോളിഗും ശക്തമായി തുടരുകയാണ്.
കനത്ത മഴയെയും വെള്ളപ്പൊക്കവും നിലനില്ക്കുന്ന സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. വിമാനം ഇറങ്ങുന്നതിന് വൈകുന്നേരം ആറ് വരെ പ്രത്യക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങളെ ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും വഴിതിരിച്ചു വിട്ടു. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ വിവിധ മേഖലകളിലായി തുടരുകയാണ്. വാണിജ്യ കേന്ദ്രങ്ങളായ ടി നഗര്‍, പാരിസ്, തേനാംപേട്ട്, ജനവാസ കേന്ദ്രങ്ങളായ അണ്ണാനഗര്‍, കെകെ നഗര്‍, വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി, അമ്പത്തൂര്‍, ആവടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതോടെ നഗരജീവിതം താറുമാറായി. പ്രധാന റോഡുകളും അടിപ്പാതകളും അടച്ചു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രി ഉപയോഗശൂന്യമാകും വിധം പൂര്‍ണമായും മുങ്ങി.
അറിയിപ്പ് :
കനത്ത മഴയെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ഇന്നത്തെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാക്കില്‍ വെള്ളം കയറിയതോടെ ചെന്നൈ സെന്‍ട്രല്‍ – തിരുവള്ളൂര്‍ റൂട്ടിലെ സര്‍വീസ് നിര്‍ത്തി. ചെന്നൈ സെന്‍ട്രല്‍ – ആര്‍ക്കോണം, ചെന്നൈ സെന്‍ട്രല്‍ – ഗുമ്മിഡിപുണ്ടി സുല്ലൂര്‍പേട്ട, ചെന്നൈ ബീച്ച് – ചെങ്കല്‍പേട്ട്, ചെന്നൈ ബീച്ച് – വേളാച്ചേരി സെക്ഷനുകളിലെ സബര്‍ബന്‍ ട്രെയിനുകളുടെ ഇടവേള വര്‍ധിപ്പിച്ചു. 30 മുതല്‍ 45 മിനിട്ട് വരെയുള്ള ഇടവേളകളിലേ ട്രെയിനുകളെത്തൂ.
ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈനുകളില്‍ വിളിക്കാം: 8300052104/ 044 25330952/044 25330953
0 Comments