കൊല്ലം : പുനലൂർ നഗരത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നായ പുനലൂർ പ്രണവം ആശുപത്രിയിലും സമീപത്തെ നഴ്സിംഗ് ഹോംമിലും വെള്ളം കയറി. ആശുപത്രിയുടെ ഗ്രൗണ്ട് ഫ്ളോറിലാണ് വെളളം കയറിയത്. വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന 18 കൊവിഡ് രോഗികളെ മുകളിലത്തെ നിലയിലേക്ക് മാറ്റി.
ആശുപത്രിക്ക് സമീപമുള്ള മറ്റ് പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
സ്കാനിംഗ് മെഷീൻ ഉൾപ്പടെയുള്ള സജ്ജീകണങ്ങൾ ഗ്രൗണ്ട് ഫ്ളോറിൽ നിന്ന് മുകളിലത്തെ നിലയിലേക്ക് മാറ്റി. ആശുപത്രിയിലെ കാൻ്റീൻ പ്രവർത്തനവും നിലച്ചിട്ടുണ്ട്.
അതേ സമയം, ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടമാണ് മഴ വിതച്ചത്. മഴയിൽ ഇരണൂരിലും ചാലൂക്കോണത്തും ഉൾപ്പെടെ നിരവധി വീടുകൾ തകർന്നു. കൊട്ടാരക്കര അറ്റുവാശ്ശേരി ഞങ്കടവ് റോഡ് മുങ്ങി. ഈ പ്രദേശത്ത് നിരവധി വീടുകൾ വെള്ളത്തിലായി. അഷ്ടമുടി ബോട്ട് ജെട്ടിയ്ക്ക് സമീപവും വെള്ളം പൊങ്ങി. കായലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.
0 Comments