കൊച്ചിയിൽ ജോലി സംബന്ധമായ ഇന്റർവ്യൂവിന് എത്തിയ കോഴിക്കോട് സ്വദേശിയായ മിഥുനും, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവർക്കാണ് പൊലീസിൻ്റെ മർദനമേറ്റത്. സംഭവത്തിൽ യുവാക്കൾ ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകി.
തൊട്ടടുത്ത ദിവസം നടക്കാനിരിക്കുന്ന ഇൻഡർവ്യൂവിന് മുൻപായി തനിക്ക് ചോറ്റാനിക്കര ക്ഷേത്രത്തിൽ ഒന്ന് പോകണം എന്ന മിഥുൻ്റെ ആവശ്യം പരിഗണിച്ചാണ് ഇരുവരും ക്ഷേത്രത്തിൽ പോയത്. സമയം വൈകി എത്തിയതിനെ തുടർന്ന് നട അടച്ചിരുന്നു. ഇതിനെ തുടർന്ന് രാത്രി ക്ഷേത്ര പരിസരത്ത് കിടന്ന ശേഷം രാവിലെ തൊഴുത് മടങ്ങാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി വാഹനം കാത്ത് നിൽക്കുന്നതിനിടെ ചോറ്റാനിക്കര പോലീസിന്റെ വാഹനം അതുവഴി എത്തുകയായിരുന്നു. യുവാക്കളെ കണ്ട് വാഹനം നിർത്തി പുറത്തിറങ്ങിയ എസ്.ഐ പേര് ചോദിച്ചു. ഇതരമതത്തിലുള്ളയാൾക്ക് ക്ഷേത്രത്തിൽ എന്താണ് കാര്യം എന്ന് ചോദിച്ചാണ് മർദിച്ചതെന്ന് പരാതിക്കാരനായ സെയ്ദലി പറയുന്നു.
സുഹൃത്തിനൊപ്പം വന്നതാണെന്ന് പറയുകയും ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ളതിന്റെ രേഖകൾ കാണിക്കുകയും ചെയ്തിട്ടും തെറി വിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് സെയ്ദാലി പറയുന്നു. സുഹൃത്തിനെ മർദിച്ചത് കണ്ട് ഓടി വന്ന മിഥുനേയും പോലീസ് മർദിച്ചു. പരിക്കേറ്റ യുവാക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറേയും വിവരം അറിയിച്ചു. ഇവരാണ് യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൃപ്പുണ്ണിത്തുറ ആശുപത്രിയിൽ നിന്നും ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
0 Comments