തിരുവനന്തപുരം : കോവിഡ് പ്രതിരോധ വാക്‌സീൻ സ്വീകരിക്കാത്ത അദ്ധ്യാപകർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടിക്ക് ഒരുങ്ങുന്നു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നടപടി സ്വീകരിക്കാം എന്ന തീരുമാനത്തിലാണ് സർക്കാർ. വാക്‌സീനെടുക്കാതെ മാറിനിൽക്കുന്ന അദ്ധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വാക്‌സീൻ എടുക്കാൻ വിസമ്മതം അറിയിച്ചവരെ പരിശോധിക്കാണ് നിർദ്ദേശം. പരിശോധനയിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാനാണ് നീക്കം.
അയ്യായിരത്തോളം അദ്ധ്യാപകർക്കെതിരാണ് സംസ്ഥാനത്ത് വാക്‌സീൻ എടുക്കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. അലർജി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലം വാക്‌സീൻ എടുക്കാത്തവരാണോ അതോ വിശ്വാസപ്രശ്‌നം കൊണ്ട് മാറി നിൽക്കുന്നവരാണോ എന്നാണ് പരിശോധിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടം അദ്ധ്യാപകർ മാറിനിൽക്കുന്നുവെന്ന് വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്. വാക്‌സീൻ എടുക്കാത്തവർ ആദ്യ രണ്ടാഴ്ച സ്‌കൂളിലെത്തേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും സ്‌കൂൾ തുറന്ന് ഒരു മാസം ആകുമ്പോൾ ഇവരുടെ കാര്യത്തിലും അവ്യക്തത തുടരുകയായിരുന്നു.
അതേസമയം വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകർക്കും ജീവനക്കാർക്കും നിർബന്ധിത അവധി നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും.വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണു സമൂഹത്തിനു നൽകുന്നതെന്നാണു ദുരന്ത നിവാരണ അഥോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും ഇവർ നിർദേശിക്കുന്നു.
അദ്ധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും വാക്‌സീൻ എടുക്കാൻ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ആരോഗ്യപ്രശ്‌നങ്ങൾ കാരണം വാക്‌സീൻ എടുക്കാൻ കഴിയാത്തവർ അതു രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കണം. അദ്ധ്യാപകരും സ്‌കൂൾ ജീവനക്കാരും ഉൾപ്പെടെ 5000 പേർ വാക്‌സീൻ എടുത്തില്ലെന്നാണു വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. വാക്‌സീൻ എടുക്കാത്തവർ സ്‌കൂളിൽ വരുന്നതു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
0 Comments