banner

വഴിതടയൽ സമരത്തെ എതിർത്ത നടപടി, ജോജു ജോർജിന് പരസ്യ പിന്തുണയുമായി സിപിഐഎം

ഇന്ധന വിലയ്ക്കെതിരെ ദേശീയപാതാ ഉപരോധം നടത്തിയ യൂത്ത് കോൺഗ്രസ് നടപടി സാധാരണക്കാരെ കൂടുതൽ വലയ്ക്കുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരത്തിനെതിരെ  പ്രതിഷേധം നടത്തിയ നടൻ ജോജു ജോർജിന് പരസ്യ പിന്തുണ നൽകി സിപിഐഎം രംഗത്ത്. തൃശൂരിലെ സിപിഐഎം നേതാക്കൾ ജോജുവിന്റെ മാളയിലെ വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ചു കൊണ്ടുളള കോൺഗ്രസ് പ്രവർത്തകരുടെ സമരത്തിന് എതിരെ പ്രതികരിച്ച ജോജു ജോർജ്ജിനെ പിന്തുണച്ച് നിരവധി സിപിഐഎം ഡിവൈഎഫ്ഐ നേതാക്കളും രംഗത്തെത്തി.

സമരത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്ത താരത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൈകൊണ്ടത് ജനാധിപത്യ ഹീനമായ പ്രവർത്തിയാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും   മന്ത്രി വി ശിവൻകുട്ടി. ഇത്തരം നടപടികൾ ഒരു സ്വതന്ത്ര്യ രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല എന്നും ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ജോജുവിനെ പിന്തുണച്ച് കൊണ്ടുളള കുറിപ്പിട്ടത്.

അതേസമയം, കൊച്ചിയിൽ സംഘർഷത്തിനിടയാക്കിയ പ്രതിഷേധത്തെ ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ പരസ്പര വിരുദ്ധ ന്യായങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. നടൻ ജോജുവിൻറെ കാർ തകർത്തത് അടക്കമുള്ള പ്രതിഷേധത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ജോജു ക്രിമിനലിനെ പോലെ പെരുമാറിയെന്ന് വിമ‌ർശിച്ചു. വഴിതടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി എതിർപ്പാണെന്നും കൊച്ചി സംഭവം പരിശോധിക്കുമെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ പ്രതികരണം.

Post a Comment

0 Comments