banner

ഓട്ടോ-ടാക്സി പണിമുടക്ക് നാളേയില്ല; ചർച്ചയെ തുടർന്നാണ് പിന്മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രാത്രി മുതല്‍ തുടങ്ങാന്‍ ഇരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് പിൻവലിച്ചു. ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിയതായി തൊഴിലാളി സംഘടനകളാണ് അറിയിച്ചത്. ഗതാഗത മന്ത്രിയുമായി യൂണിയന്‍ നേതാക്കള്‍ ഇന്ന് നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ സര്‍ക്കാര്‍ കാര്യമായ പരിഗണിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് സംയുക്ത ഓട്ടോ ടാക്സി യൂണിയന്‍ വ്യക്തമാക്കി.

നിരക്ക് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. വിഷയത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയോട് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

ഇന്ധനവിലക്കൊപ്പം മറ്റ് ചെലവുകളും വർധിച്ചതിനാല്‍ അതിന് ആനുപാതികമായി തന്നെ ഓട്ടോ- ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

ഓട്ടോ- ടാക്സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളില്‍ ജി.പി.എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിരുന്നു. 

Post a Comment

0 Comments