banner

കടലിൽ പോയ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, സംഭവം വിഴിഞ്ഞത്ത്


വിഴിഞ്ഞം : ക്രിസ്മസ് ദിനത്തിൽ കടലിൽ  പോയ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി സ്ത്രീ മരിച്ചു. പൂന്തുറ സോളമൻ പുരയിടത്തിൽ ടി.സി. 69/1503 ൽ എൽ.സിൽവർസ്റ്ററിന്റെ ഭാര്യ സഹായറാണി(49) ആണ് മരിച്ചത്. വള്ളത്തിന്റെ എൻജിനിടിച്ച് ഇവരുടെ മരുമകൻ ജോൺപോളിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വിഴിഞ്ഞം ഹാർബറിനുള്ളിലായിരുന്നു അപകടം. വിഴിഞ്ഞത്തുനിന്ന് കരിമ്പള്ളിക്കര സ്വദേശി ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ആന്റണീസ് എന്ന വള്ളവും സഹായറാണിയുടെ ഭർത്താവ് സിൽവസ്റ്ററിന്റെ വള്ളവും കൂട്ടിയിടിച്ചായിരുന്നു അപകടം. പൂന്തുറ ചേരിയാമുട്ടത്തുനിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഇവർ വിഴിഞ്ഞത്തെത്തിയത്. ലീവേർഡ് വാർഫിനടുത്തേക്ക്‌ വരവെ വിഴിഞ്ഞം സ്വദേശികളായ നാലുപേർ സഞ്ചരിച്ചിരുന്ന ഇരട്ട എൻജിൻ ഘടിപ്പിച്ച വള്ളം ഇവരുടെ വള്ളത്തിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വള്ളം കമഴ്ന്ന് സഹായറാണി അടക്കമുള്ള 11 പേരും കടലിലേക്കു വീഴുകയായിരുന്നു. വള്ളത്തിൽനിന്ന് കടലിൽ വീണ സഹായറാണിയുടെ മക്കളായ സാജൻ, ശരണ്യ, പേരക്കുട്ടികളായ ജോബീസ് എസ്.പോൾ, സനോഫ് എസ്.പോൾ. മരുമക്കളായ സുനിഷ, നിമിഷ, ഇവരുടെ അമ്മ നിർമ്മല, മകൾ ജോഷി രണ്ടാമത്തെ വള്ളമോടിച്ച വിഴിഞ്ഞം സ്വദേശി മിഖായേൽ അടിമ, സുഹൃത്ത് ജോയി, ഇദ്ദേഹത്തിന്റെ കുട്ടികൾ എന്നിവർ കടലിൽ വീണു. ഇവരെയെല്ലാം മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു.അവശനിലയിലായ സഹായറാണിയെ മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments