banner

തൃശൂരിൽ പെൺകുട്ടികൾക്ക് അത്യാധുനിക മോഡൽ ഹോം ; ഉദ്ഘാടനം നിർവഹിച്ചു മന്ത്രി വീണാ ജോർജ്

സംസ്ഥാന വനിത ശിശു വികസന വകുപ്പ് സജ്ജമാക്കിയ മോഡൽ ഹോമിലൂടെ കുട്ടികൾക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് ഒരു കുടുംബം എന്നുള്ള അന്തരീക്ഷം നൽകുന്നതിന് വേണ്ടി ഒരു ഹൗസ് മദർക്ക് 10 കുട്ടികൾ എന്ന രീതിയിൽ ചുമതല നൽകിയിട്ടുണ്ട്.

ഹോമിലെ എല്ലാ കാര്യങ്ങളിലും കുട്ടികളുടെ കൂടെ അഭിപ്രായം എടുത്തിട്ടാണ് തീരുമാനമെടുക്കുന്നത്. 12 വയസിന് താഴെയുള്ള കുട്ടികളിൽ അതിജീവിതരായ സഹോദരങ്ങളുണ്ടെങ്കിൽ അവർക്ക് ഒരുമിച്ച് താമസിക്കാൻ ഹോമിൽ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികശേഷി കുറവായ കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളെ സന്ദർശിക്കുന്നതിന് യാത്രാചെലവ് അനുവദിക്കുന്നതും അവശ്യഘട്ടങ്ങളിൽ മാതാവിന് കുട്ടിയോടൊപ്പം താമസിക്കുന്നതിനുള്ള സൗകര്യവും ഹോമിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വനിത ശിശുവികസന വകുപ്പ് തൃശൂർ രാമവർമ്മപുരത്ത് സജ്ജമാക്കിയ പെൺകുട്ടികൾക്കുള്ള അത്യാധുനിക മോഡൽ ഹോമിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വനിത ശിശുവികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ 12 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പോസ്‌കോ അതിജീവിതരായ പെൺകുട്ടികൾക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസവും നൽകി പുനരധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡൽ ഹോം തയ്യാറാക്കിയിരിക്കുന്നത്.
150 കുട്ടികൾക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഈ ഹോമിലൂടെ കുട്ടികൾക്ക് ജീവിത നൈപുണ്യ വിദ്യാഭ്യാസവും തൊഴിൽപരമായിട്ടുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തും.
ഹോമിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. സിക്ക് റൂം, ഐസോലേഷൻ റൂം, വിശാലമായ ലൈബ്രറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈൻ പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകൾ, ടാബുകൾ എന്നിവയുമുണ്ട്. ഇൻഡോർ, ഔട്ട്‌ഡോർ കളിസ്ഥലം, ഗാർഡൻ, പാർക്ക്, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം എന്നിവയും സജ്ജീകരിച്ചു വരുന്നു.
തൃശൂർ ഹോമിലെ താമസക്കാരുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാൻ ട്യൂഷൻ, എൻട്രൻസ് കോച്ചിംഗുകൾ, പി.എസ്.സി. കോച്ചിംഗുകൾ എന്നിവ നൽകുന്നതാണ്. ഹോമിൽ കുട്ടികൾക്ക് സ്വകാര്യമായുണ്ടാകുന്ന പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ കോൺഫിഡൻഷ്യൽ ബോക്‌സും സജ്ജീകരിച്ചിട്ടുണ്ട്.
ഹോമിലെത്തുന്ന ഒരു കുട്ടിയെ, കുട്ടിയുടെ കഴിവിനനുസരിച്ചുള്ള പരമാവധി വിദ്യാഭ്യാസം നൽകി ശാസ്ത്രീയ പരിചരണത്തിലൂടെ സമൂഹത്തിനുതകുന്ന മികച്ച വ്യക്തിത്വങ്ങളാക്കി മാറ്റുകയാണ് ഈ മോഡൽ ഹോമിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടർ 19 റിസർവ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച തൃശൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ എസ്. അപ്പുവിനെ മന്ത്രി അനുമോദിച്ചു.
പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ, നിർഭയ സെൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീലാ മേനോൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ പി. മീര, സി.ഡബ്ല്യു.സി. ചെയർപേഴ്‌സൺ കെ.ജി. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments