സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. ഒമൈക്രോൺ വ്യാപനത്തിൻറെ പശ്ചാതലത്തിലാണ് സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണമുണ്ടായിരിക്കുക.
പുതുവത്സര സമയത്ത് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്. പുതുവത്സര ദിനത്തിൽ രാത്രി പത്ത് മണിക്ക് ശേഷം ആൾക്കൂട്ടവും ആഘോഷങ്ങളും അനുവദിക്കില്ല.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ , ബാറുകൾ എന്നിവയിൽ നേരത്തെയുള്ളതു പോലെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അതേസമയം, ആൾക്കൂട്ടവും ആഘോഷവും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. എന്നാൽ ശബരിമല, ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്നൊഴുവാക്കിയിട്ടുണ്ട്. കൂടാതെ ജനുവരി രണ്ടാം തിയ്യതി വരെ തീയറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കും.
0 Comments