എക്സിക്യൂട്ടീവ് വേഷത്തിലെത്തി വിവിധ സ്ഥലങ്ങളിൽനിന്ന് പാചകവാതക സിലിണ്ടറുകൾ മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് പ്രവർത്തിക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ ചീഫ് എക്സിക്യൂട്ടിവും അസിസ്റ്റൻഡ് എക്സിക്യൂട്ടിവും ആണ് ഗ്യാസ്കുറ്റി മോഷണ കേസിൽ പിടിയിലായത്. മോഷണവസ്തുക്കള്‍ വാങ്ങിയ റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനും അറസ്റ്റിലായത്. കരിഞ്ചന്തയില്‍ ഗ്യാസ് വിൽപന നടത്തുന്നതിനാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നതെന്ന് സംശയിക്കുന്നു.
കാട്ടാക്കട കുളത്തുമ്മൽ മുതിയവിള പ്ലാവിള പുത്തൻവീട്ടിൽ ഷിബിൻ ജോസ് (27), പുളിമാത്ത് താളികുഴി ബി.എസ് അഖിലം വീട്ടിൽ അഖിൽ (31) ഇവരിൽ നിന്നു ഗ്യാസ് സിലിണ്ടറുകൾ വാങ്ങിയ വെഞ്ഞാറമൂട് പിരപ്പൻകോട് സിന്ദൂരി ഗ്യാസ് റിപ്പയറിങ് സെൻറർ നടത്തുന്ന ബാലകൃഷ്ണൻ നായർ (86) എന്നിവരാണ് പിടിയിലായത്. പല സ്ഥലങ്ങളിൽ നിന്നായി ഒമ്പത് ഗ്യാസ് സിലിണ്ടറുകൾ ഇവർ മോഷണം നടത്തിയതായി വലിയമല പൊലീസ് അറിയിച്ചു.
മോഷണം നടത്തിയ സിലിണ്ടറുമായി വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഗ്യാസ് സിലിണ്ടറുകൾ മോഷണം നടത്തിയതിന് ഇവർക്കെതിരെ വലിയമല പൊലീസിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെഞ്ഞാറമൂട്ടിൽ മൂന്നും നെടുമങ്ങാട്, അരുവിക്കര പൊലീസ് സ്റ്റേഷനുകളിൽ ഓരോന്നും ആര്യനാട് സ്റ്റേഷനിൽ രണ്ടും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
0 Comments