banner

കൊല്ലത്ത് ആറുവയസ്സുകാരനും അമ്മയും സഞ്ചരിച്ച കാർ കുളത്തിൽ വീണു; രക്ഷാപ്രവർത്തകരായി നാട്ടുകാരായ അഗ്നിശമന സേനാംഗങ്ങൾ

കൊല്ലം : വാഹനാപകടത്തിൽ കാർ കുളത്തിലേക്ക് തെറിച്ചു വീണതിനെ തുടർന്ന് അപകടത്തിലായ യുവതിയെയും കുട്ടിയേയും അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തേവലക്കര, കൂഴംകുളത്താണ് സംഭവം. സമീപത്ത് ഓട്ടോയുമായി പിക്കപ്പ് വാനും. വാഹനാപകടത്തിലാണ് കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണത്.

കുളത്തിന് നല്ല ആഴമുള്ളതിനാൽ അപകട സ്ഥലത്ത് കാഴ്ചക്കാരായി നില്ക്കാൻ മാത്രമെ നാട്ടുകാർക്ക് സാധിച്ചുള്ളു. നിസ്സഹായരായ നാട്ടുകാരെ കണ്ട് സഹപ്രവർത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഫയർ ഫോഴ്സിൻ്റെ ചവറ നിലയത്തിലെ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ നൗഫർ കാര്യം തിരക്കുമ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പിന്നാലെ മറ്റൊരാവശ്യത്തിനായി അവിടേക്കെത്തിയ കരുനാഗപ്പള്ളി നിലയത്തിലെ ഫയർ ആന്റ് റസ്ക്യൂ ഓഫീസറായ മിഥുനും സഹായത്തിനെത്തി. തുടർന്ന് നൗഫറും മിഥുനും കുളത്തിൽ ഇറങ്ങുകയും ഇരുവരും ചേർന്ന് അമ്മയെയും മകനെയും അതിസാഹസികമായി രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയും ചെയ്തു. അമ്മയെയും മകനെയും ചവറ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചു.

അതേസമയം, അമ്മയെയും മകനെയും രക്ഷിക്കുക എന്ന ഒറ്റ ചിന്തയോടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ചവറ നിലയത്തിലെ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ നൗഫറിൻ്റെ  അയ്യായിര ത്തോളം രൂപയും, എ.ടി.എം കാർഡുകളും, വോട്ടേഴ്‌സ് ID, കാന്റീൻ കാർഡ് എന്നിവയടങ്ങിയ നൗഫറിന്റെ പേഴ്‌സ് മോഷണം പോയതായും സംഭവം പുറം ലോകത്തെ അറിയിച്ച കെ.ആർ രാജേഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്ത്മാക്കി. 

സംഭവുമായി ബന്ധപ്പെട്ട് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥനായ കെ.ആർ രാജേഷ് പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.... 

ചവറ, തേവലക്കര, കൂഴംകുളത്ത് വാഹനപകടത്തിൽ കുളത്തിലേക്ക് തെറിച്ചു വീണ കാർ വെള്ളത്തിലേക്ക് മുങ്ങിതാഴ്ന്നുകൊണ്ടിരിക്കുന്നു. കാറിനുള്ളിൽ സ്ത്രീയും ആറ് വയസ്സുകാരൻ മകനും...

നിസ്സഹായരായി നാട്ടുകാർ നോക്കിനിൽക്കുന്നു...

സഹപ്രവർത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ  അതുവഴി പോകുകയായിരുന്ന #ചവറ_അഗ്നിരക്ഷാ_നിലയത്തിലെ_ഫയർ_ആന്റ്_റെസ്ക്യൂ_ഓഫീസർ_നൗഫർ ഒറ്റക്ക് കുളത്തിൽ ഇറങ്ങി രക്ഷപ്രവർത്തനം ആരംഭിച്ചു.

നാട്ടുകാരുടെ  സഹായം തേടിയെങ്കിലും,  കുളത്തിൽ ഇറങ്ങിയ നാട്ടുകാർ ആഴം കൂടുതലായതിനാൽ തിരികെ കയറി...

തുടർന്ന് അത് വഴി എത്തിയ #കരുനാഗപ്പള്ളി_അഗ്നിരക്ഷാ_നിലയത്തിലെ_ഫയർ_ആന്റ്_റെസ്ക്യൂ_ഓഫീസർ_മിഥുൻ കുളത്തിൽ ഇറങ്ങുകയും നൗഫറും മിഥുനും  ചേർന്ന്  അതിസാഹസികമായി അമ്മയെയും മകനെയും രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു... അപകടത്തിൽപെട്ട മറ്റുള്ളവരെ ചവറ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു...

പ്രിയ സഹപ്രവർത്തകർ നൗഫറിനും മിഥുനും അഭിനന്ദനങ്ങൾ

സംഭവസ്ഥലത്ത് നിന്നും  അയ്യായിരത്തോളം രൂപ, ATM കാർഡുകൾ, വോട്ടേഴ്‌സ് ID, കാന്റീൻ കാർഡ് എന്നിവയടങ്ങിയ നൗഫറിന്റെ പേഴ്‌സ് അടിച്ചുമാറ്റിയ മഹാന് നന്മ മാത്രം വരുത്തണേ... 

Post a Comment

0 Comments