കൊല്ലം : വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പോരേടം മുട്ടത്തുകോണം നെടുമ്പാല വീട്ടിൽ രാജുവിന്റെ മകൻ വിഷ്ണു (27) കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ചടയമംഗലം പോരേടം ക്ഷേത്രത്തിന് മുന്നിൽ വച്ച് നടന്ന ബൈക്ക് അപകടത്തിലാണ് വിഷ്ണുവിന് പരിക്കേറ്റത്.
കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം. രാത്രിയിൽ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് പോരേടം ക്ഷേത്രത്തിനു മുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു. അപകടത്തിൽ തലക്ക് സാരമായ പരുക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു.
വിദേശത്തായിരുന്ന വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തി ഈ വരുന്ന ഡിസംബർ 13 ന് വർക്കലയിൽ വച്ചു വിവാഹം നടക്കാൻ ഇരിക്കെ ആണ് വിധി വിഷ്ണുവിന്റെ ജീവൻ കവർന്നെടുത്തത്. നാട്ടിലെ കലാ കായിക രംഗത്തു സജീവമായിരുന്ന മിടുക്കനായ ചെറുപ്പക്കാരനായിരുന്നു വിഷ്ണു .
0 Comments