banner

'കരിനീല കണ്ണഴകേ നിൻമിഴിനീരിൻ തുമ്പത്ത്'; സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു


സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.

1963ൽ കണ്ണൂർ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതർ), അദിതി അന്തർജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം നേടി.

ഇന്ന് വൈകുന്നേരത്തോടെയാണ് കൈതപ്രം വിശ്വനാഥന്റെ വിയോ​ഗം. 58 വയസ്സായിരുന്നു. അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. കോഴിക്കോട് എംവിആർ ക്യാൻസർ സെൻ്ററിൽ വച്ചായിരുന്നു മരണം.

ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിർവഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിൽ സഹായിയായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.

കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായവയാണ്.

കണ്ണകി, തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മധ്യവേനൽ, നീലാംബരി, ഓർമ്മ മാത്രം എന്നീ ചിത്രങ്ങളിലാണ് സംഗീത സംവിധാനം നിർവഹിച്ചത്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

സെക്ഷൻ 306 IPC എന്ന ചിത്രത്തിനുവേണ്ടിയാണ് കൈതപ്രം വിശ്വനാഥൻ അവസാനമായി ഈണമിട്ടത്. ശ്രീജിത്ത് വർമ്മ നിർമ്മിച്ച് ശ്രീനാഥ് ശിവ സംവിധാനം ചെയ്ത സിനിമയിൽ പി. ജയചന്ദ്രൻ, വിദ്യാധരൻ മാസ്റ്റർ, ഇന്ദുലേഖ വാരിയർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

ഭാര്യ-ഗൗരി. മക്കൾ:അതിഥി, നർമദ, കേശവൻ.

Post a Comment

0 Comments