സിപിഎം പെരിയ ലോക്കൽ സെക്രട്ടറി പി.ബി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഫ്.ഐ.ആർ. അന്യായമായി സംഘചേരൽ, കൊലപാതകം, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചേർത്തിരിക്കുന്നത്. സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഇന്ന് ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഭി, ജിഷ്ണു, ഫൈസൽ, നന്ദു, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജിഷ്ണു ആർഎസ്എസ് ബന്ധമുള്ള ആളാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേയായിരിക്കണം എഫ്.ഐ.ആറിലെ പൊലീസ് റിപ്പോർട്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം റിമാൻഡ് ചെയ്യും. നേരത്തെ പ്രതികൾ എല്ലാവരും ആർഎസ്എസ് പ്രവർത്തകരല്ല എന്ന രീതിയിലുള്ള പ്രചരണങ്ങൾ പുറത്തുവന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്.
സന്ദീപിന്റെ അരുംകൊല ആര്‍എസ് എസ്- ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കോടിയേരി വ്യക്തമാക്കി.
0 Comments