banner

രാത്രി കാല കർഫ്യൂവിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടക‍രെ ഒഴിവാക്കി

തിരുവനന്തപുരം : കേരളത്തിൽ നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന രാത്രി കാല കർഫ്യൂവിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടക‍രെ ഒഴിവാക്കി. ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള നിയന്ത്രണങ്ങളിൽ നിന്നാണ്  ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയത്.

സംസ്ഥാനത്ത് നാളെ മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകമാക്കിയിരുന്നു.  രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. 

രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. 

സംസ്ഥാനത്ത് ഒമിക്രോൺ (Omicron) പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാന സ‍ർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ രാത്രികാല ഷോകളും വിലക്കിയിരിക്കുകയാണ്. തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.

ഒമിക്രോൺ സാഹചര്യം മുൻനിർത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങൾക്ക് സ‍ർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ എല്ലാ വ്യാപാരികളും കടകള്‍  രാത്രി പത്ത് മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. രാത്രി പത്തു മുതൽ പുലര്‍ച്ചെ അഞ്ച് വരെയുള്ള നിയന്ത്രണം ഒമിക്രോണും പുതുവർഷാഘോഷവും മുൻനിർത്തിയാണെന്നാണ് സ‍ർക്കാർ വാദം.

Post a Comment

0 Comments