banner

വോട്ടർ പട്ടികയിലെ പേര് ആധാറുമായി ബന്ധിപ്പിക്കണം; നിയമഭേദഗതി ബിൽ പാസ്സാക്കി ലോക്സഭ

വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസ്സാക്കിയത്.
കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

വോട്ടർ പട്ടികയിൽ പേരുചേർക്കാൻ വർഷത്തിൽ നാലു തവണ അവസരം നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം കേന്ദ്രത്തിന്റെ വാദങ്ങളെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. താമസിക്കുന്നതിന്റെ മാത്രം തെളിവാണ് ആധാറെന്നും അതു പൗരത്വത്തിന്റെ തെളിവല്ല, വോട്ടർമാരോട് ആധാർ ചോദിക്കുമ്പോൾ പാർപ്പിടത്തിന്റെ രേഖ മാത്രമാണു കിട്ടുന്നതെന്നും ചൂണ്ടിക്കാട്ടിയ ശശി തരൂർ എംപി പൗരത്വമില്ലാത്തവർക്കും വോട്ടവകാശം ലഭിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാവുകയെന്നും പറഞ്ഞു

എന്നാൽ പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണു പറയുന്നതെന്നും കേന്ദ്രം പ്രതികരിച്ചു. ബിൽ നിരസിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അവശ്യപ്പെട്ടിരുന്നു.
ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്കാണ് നിലവിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം. ജനുവരി 1, ഏപ്രിൽ1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയതികൾ നൽകാനാണ് പുതിയ വ്യവസ്ഥ.

Post a Comment

0 Comments