Latest Posts

അഞ്ചാലുംമൂട്, അഷ്ടമുടിയിൽ പട്ടാപ്പകൽ നടുറോഡിൽ യുവാവിനെയും, സഹോദരിയെയും മർദ്ദിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്


അഞ്ചാലുംമൂട് : അഷ്ടമുടിയിൽ പട്ടാപകൽ നടുറോഡിൽ യുവാവിനെയും, സഹോദരിയെ മർദ്ദിച്ചതായി പരാതി. അഷ്ടമുടി പ്രകാശ് ഭവനിൽ, പ്രകാശി (44) ൻ്റെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെ, കുരുമ്പലമൂടിന് സമീപമാണ്   അക്രമസംഭവം അരങ്ങേറിയത്. ഓട്ടോ തൊഴിലാളിയും രോഗിയുമായ പ്രകാശിനെ ബൈക്കിലെത്തിയ നാലംഗ സംഘം ക്രൂരമായി ആക്രമിക്കുകയും കുതറി ഓടാൻ ശ്രമിച്ച ഇയാളെ നടുറോഡിൽ ചവിട്ടിയിടുകയുമായിരുന്നു. ആക്രമി സംഘം മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ പ്രകാശിൻ്റെ സഹോദരിയെ ആക്രമികൾ മർദ്ദിച്ചതായും ആരോപണമുണ്ട്. 

സംഭവുമായി ബന്ധപ്പെട്ട് പ്രകാശ് പറയുന്നതിങ്ങനെ: സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രകാശും സുഹൃത്തുക്കളും കുരുമ്പലമൂടിന് സമീപം വിളക്ക് ഒരുക്കിയിരുന്നു. ക്ഷേത്രത്തിലേക്ക് വിളക്ക് കടന്ന് പോയതിന് അരമണിക്കൂറിന് ശേഷം തമ്പോലവുമായി ഒരു പറ്റം യുവാക്കൾ സ്ഥലത്ത് എത്തുകയും തമ്പോലം കൊട്ടുകയും എല്ലാവരും ആസ്വദിക്കുകയും ചെയ്തു എന്നാൽ വാഹനങ്ങൾ ബ്ലോക്കായി കിടക്കുന്നത് കണ്ട് പ്രദേശത്ത് നിന്നവർ തമ്പോലവുമായി എത്തിയവരോട് വഴിമാറാൻ പറഞ്ഞതായി പറയപ്പെടുന്നു. 

തുടർന്ന് പരസ്പരം ഇതിനേച്ചൊല്ലി സംസാരം ഉണ്ടായി, ഒടുവിൽ ഇവർ പിരിഞ്ഞു പോകുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം പ്രദേശവാസിയായ, തമ്പോലം കൊട്ടാനെത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവ് കുരമ്പലമൂടിന് സമീപമെത്തി അസഭ്യ വർഷം ചൊരിയുകയും ജംങ്ഷനിൽ നിന്നവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് വഴക്കിൽ കലാശിക്കുകയും ചെയ്തു. 'നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം' എന്ന് ഭീഷണി മുഴക്കി തിരികെ പോയ യുവാവ് സുഹൃത്തുക്കളുമായി ബൈക്കിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തി ജംങ്ഷനിൽ ഓട്ടോ സ്റ്റാന്റിൽ തന്റെ ഓട്ടോയിൽ ഇരുന്ന  പ്രകാശിനെ വലിച്ച് റോഡിലിട്ട് ക്രൂരമായി മർദ്ധിക്കുകയായിരുന്നു.  ഇത് കണ്ട് തടയാനെത്തിയ ഇദ്ദേഹത്തിൻ്റെ സഹോദരിയേയും അക്രമി സംഘം കയ്യേറ്റം ചെയ്തു. തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റ പ്രകാശിനെ ഓടി കൂടിയ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചു. അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയെന്നും നടപടിയുണ്ടാകുമെന്നാണ് വിശ്വാസമെന്നും പ്രകാശ് അഷ്ടമുടി ലൈവിനോട് പറഞ്ഞു.

0 Comments

Headline