banner

അട്ടപ്പാടി മധു കൊലപാതകം; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ കേസിൽ നിന്നും സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനം. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നടപടിയിൽ കോടതി ഉൾപ്പടെ വിമർശനം ഉന്നയിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ തീരുമാനം. കൂടാതെ പബ്ളിക് പ്രോസിക്യൂട്ടറായി തിരഞ്ഞെടുക്കാൻ താൽപര്യമുള്ള മൂന്ന് പേരുടെ പേര് നിർദ്ദേശിക്കാൻ കുടുംബത്തോട് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്‌തു.

എന്നാൽ പഴയ പ്രോസിക്യൂട്ടർ തുടരുന്നതിൽ കുടുംബത്തിന് താൽപര്യമുണ്ടെങ്കിൽ അതും പരിഗണിക്കാമെന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. കേസിൽ ഹാജരാകാത്ത സാഹചര്യത്തിൽ നിലവിലെ പ്രോസിക്യൂട്ടര്‍ അഡ്വ. വിടി രഘുനാഥിന് ഒരു തവണ താക്കീത് നൽകിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാതെ വിട്ടുനില്‍ക്കുകയായിരുന്നു.

കൊലപാതകം നടന്ന് 4 വർഷം പിന്നിട്ടിട്ടും കേസിൽ വിചാരണ പോലും ആരംഭിക്കാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. പബ്ളിക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും കേസ് ഫെബ്രുവരി 26ലേക്ക് മാറ്റിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്‌തു. പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് മധു മരിക്കുന്നത്.

إرسال تعليق

0 تعليقات