banner

സിപിഐയും സിപിഐഎമ്മും തമ്മിൽ ഏറ്റവും ദൃഡമായ ബന്ധമെന്ന് ബിനോയ് വിശ്വം എംപി

ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശത്രു ഫാസിസ്റ് ശക്തികളെന്ന് ബിനോയ് വിശ്വം എം പി. കോൺഗ്രസിന്റെ തകർച്ചയിൽ ഗുണമുണ്ടായത് ബിജെപിക്ക്. കോൺഗ്രസ് നെഹ്‌റുവിനെ മറന്നു. നെഹ്‌റുവിനെ വീണ്ടെടുക്കണം. സിപിഐയും സിപിഐഎമ്മും തമ്മിൽ ഒരു വിവാദവുമില്ലെന്ന് ബിനോയ് വിശ്വം എം പി പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അനുഭവസമ്പത്തുള്ള നേതാവാണ്. സിപിഐയും സിപിഐഎമ്മും തമ്മിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും ദൃഡമായ ബന്ധമെന്നും ബിനോയ് വിശ്വം എം പി ചൂണ്ടിക്കാട്ടി.

അതേസമയം ദേശീയ തലത്തിലെ കോൺഗ്രസിനോടുള്ള നിലപാട് കേരളത്തിൽ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുപക്ഷം യുപിഎ സർക്കാരിനെ പിന്തുണക്കുമ്പോഴും 2004 ൽ കേരളത്തിൽ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയെ നേരിടാൻ രാഷ്ട്രീയ പാർട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. കോൺഗ്രസിനെ അതിൽ നിന്ന് മാറ്റി നിർത്താനാകില്ല. രാഹുൽ ഗാന്ധിയല്ലാതെ പ്രതിപക്ഷകൂട്ടായ്മയെ നയിക്കാൻ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്നും കാനം ചോദിച്ചു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പിന്തുണച്ച് കാനം രാജേന്ദ്രനും സിപിഐ നിലപാടാണ് ബിനോയ് വിശ്വം അറിയിച്ചതെന്ന് മുഖപത്രമായ ജനയുഗവും വ്യക്തമാക്കിയതോടെ വിമർശിച്ച് കോടിയേരി രംഗത്തെത്തി.

Post a Comment

0 Comments