പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ കോടതിയാണ് പത്തും പതിനാലും വയസുള്ള കുട്ടികളെ പീഡനത്തിനിരയാക്കിയ കേസുകളിലെ പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്.
പതിനാല് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതില്‍ വെല്ലൂർ സ്വദേശി ശ്രീനിവാസന് ഇരുപത്തി ഒന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപയു പിഴയും വിധിച്ചു. പത്ത് വയസുള്ള പെൺകുട്ടിക്കെതിരായ അതിക്രമത്തിന് കുറുവട്ടൂർ സ്വദേശി അബ്ബാസിന് അഞ്ച് വർഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
പതിനാല് വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതില്‍ പട്ടാമ്പി പൊലീസാണ് അന്വേഷണം നടത്തിയത്. തമിഴ്നാട് കുട്ടമ്പേരി വെല്ലൂർ സ്വദേശിയും ഇരുപത്തി ഒന്നുകാരനുമായ ശ്രീനിവാസനെ ഇരുപത്തി ഒന്ന് വര്‍ഷം കഠിന തടവിനാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം.
പത്തുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച കേസ് ഷൊര്‍ണൂര്‍ പൊലീസാണ് അന്വേഷിച്ചത്. വലപ്പുഴ കുറുവട്ടൂർ സ്വദേശി തടത്തിൽ വീട്ടിൽ അന്‍പത്തി ആറുകാരന്‍ അബ്ബാസിന് അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം രൂപയുമാണ് പിഴ വിധിച്ചത്. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് ഇരുകേസുകളുടെയും വിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ നിഷ വിജയകുമാർ ഹാജരായി. പ്രോസീക്യൂഷൻ ഭാഗത്തു നിന്ന് ഒന്‍പത് സാക്ഷികളെയാണ് വിസ്തരിച്ചത്. പതിനൊന്ന് രേഖകളും ഹാജരാക്കി. ശ്രീനിവാസനെയും അബ്ബാസിനെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
0 Comments