banner

കൊവിഡ് സാഹചര്യത്തിൽ ആശങ്കയറിയിച്ച് കേന്ദ്രം; കോളജുകള്‍ അടച്ചേക്കും, പൊതുയിടങ്ങളിൽ ആൾ എണ്ണം 50ല്‍ നിന്ന് കുറയാനും സാധ്യത

ആറ് സംസ്ഥാനങ്ങളിൽ തുടരുന്ന രൂക്ഷമായ കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കൊവിഡ് പശ്ചാത്തലം വിലയിരുത്താനായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ പ്രതികരണം. 

കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിലവില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ലോകത്തെ കൊവിഡ് കണക്കുകളില്‍ വലിയൊരു ശതമാനം ഇന്ത്യയില്‍ നിന്നുള്ളതാണ്. 7.9ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായാണ് ഈ നിരക്ക് കുതിച്ചുയര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക പരാമര്‍ശം നടത്തിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രസംഘത്തെ നിയോഗിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ ഇന്നും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,17,532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 491 മരണം റിപ്പോര്‍ട്ട് ചെയ്തു. ടി പി ആറില്‍ വര്‍ധന 16.41 ശതമാനമാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നത്. ഒമിക്രോണ്‍ വ്യാപനമാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായത്. അതിനിടെ രാജ്യത്ത് 9287 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. മുംബൈയില്‍ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോള്‍ പുണെയില്‍ രോഗ വ്യാപനം കൂടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗമാണ് തീരുമാനം എടുക്കുക. 

കോളജുകള്‍ അടച്ചിട്ടേക്കും. പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ വന്നേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും പരിഗണനയിലുണ്ട്.

Post a Comment

0 Comments