banner

സഹായത്തിനായി തേങ്ങി, പിന്നാലെയെത്തിയ കാറുകൾ ഇടിച്ചു തെറിപ്പിച്ചു; സുഹൃത്തുക്കളായ യുവാക്കളുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു!

 
ഇരിട്ടിയിൽ രണ്ടു യുവാക്കൾ മരിച്ചത് കാറുകൾ ദേഹത്ത് കയറിയാണെന്ന് സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. കിളിയന്തറയിൽ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ഇരുവരും റോഡിൽനിന്ന് സഹായം അഭ്യർഥിക്കുന്നതിനിടെ പാഞ്ഞുവന്ന കാറുകൾ ഇടിച്ചുതെറിപ്പിച്ചതായാണ് ദൃശ്യങ്ങളിൽ. ഒരു കാർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മറ്റൊരു വാഹനം കണ്ടെത്താനായിട്ടില്ല.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. കിളിയന്തറ 32-ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്കിൽ കൂട്ടുപുഴ ഭാഗത്തുനിന്ന് വള്ളിത്തോട് ഭാഗത്തേക്ക് വരികയായിരുന്നു.

ഇവർ സഞ്ചരിച്ച ബൈക്കിന് കേടുപറ്റാത്തതിനാൽ മരണകാരണം വ്യക്തമായിരുന്നില്ല. ഞായറാഴ്ച സമീപത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ബൈക്കിൽനിന്ന്‌ റോഡിൽ വീണ ഇരുവരെയും പിന്നിൽനിന്ന്‌ ഒന്നിനുപിറകെ ഒന്നായി വന്ന രണ്ട് കാറുകൾ ഇടിച്ചുതെറിപ്പിച്ചതായി മനസ്സിലായത്.

ഒരു കാർ അപകടസ്ഥലത്തുവെച്ച് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. നിർത്താതെ പോയ മാറ്റൊരു കാറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരിട്ടി പോലീസ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : 
അനീഷും അസീസും സഞ്ചരിച്ച ബൈക്ക് എണ്ണതീർന്ന് മറിഞ്ഞപ്പോൾ ഇരുവരും റോഡിലേക്ക് വീണു. എതിർഭാഗത്തുകൂടി ഒന്നുരണ്ട് വാഹനങ്ങൾ കടന്നുപോയെങ്കിലും റോഡിൽ കിടന്നവരെ ശ്രദ്ധിച്ചില്ല. റോഡിൽനിന്ന് എഴുന്നേൽക്കാനുള്ള ശ്രമത്തിനിടയിൽ പിന്നിൽനിന്ന്‌ അമിതവേഗത്തിൽ എത്തിയ കാർ ഒരാളെ ഇടിച്ചുതെറിപ്പിക്കുന്നത് ക്യാമറാദൃശ്യത്തിൽ വ്യക്തമാണ്. ഇതിനു പിന്നാലെ മറ്റൊരു കാർ ഇരുവരുടെയും ദേഹത്തുകൂടി കയറിപ്പോകുന്നതായും ദൃശ്യത്തിലുണ്ട്.

കസ്റ്റഡിയിലുള്ള കാറാണോ ആദ്യം ഇടിച്ചതെന്ന് വ്യക്തമല്ല. ഇതിന്റെ മുൻഭാഗത്ത് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നറിയില്ലെന്നാണ് കസ്റ്റഡിയിലുള്ള കാറിന്റെ ഡ്രൈവർ പറയുന്നത്. നിർത്താതെ പോയ കാർ കണ്ടെത്തിയാലേ വ്യക്തത വരൂ.

സംഭവസ്ഥലത്തെ തെരുവുവിളക്കുകളൊന്നും കത്താത്തത് അപകടത്തിന് കാരണമായതായി പരിസരവാസികൾ പറയുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകിട്ടോടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. അനീഷിന്റെ മൃതദേഹം മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ സംസ്കരിച്ചു. അസീസിന്റെ മൃതദേഹം വള്ളിത്തോട് ജുമാസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment

0 Comments