തിരുവനന്തപുരം : ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫോണിൽ കേരളം ഞെട്ടുന്ന പലതുമുണ്ടെന്ന് ബാലചന്ദ്രകുമാര്‍. കേസിലെ നിർണ്ണായക തെളിവുകൾ ഇതിലുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി. “ദിലീപ് ജയിലില്‍ കിടന്ന കാലഘട്ടത്തില്‍ സഹോദരീ ഭര്‍ത്താവ് ഉപയോഗിച്ച ഫോണ്‍ വളരെ പ്രധാനമാണ്. അത് നിര്‍ബന്ധമായും പൊലീസ് കണ്ടെത്തണം,” ബാലചന്ദ്രകുമാര്‍ പറഞ്ഞു.
“പൊലീസ് പ്രതീക്ഷിക്കാത്ത പല നിര്‍ണായക തെളിവുകളും ആ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍ അടങ്ങിയിരിക്കുന്ന ഫോണ്‍ അതാണ്. കേരളത്തെ ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിക്കും. പത്തോളം സിം കാര്‍ഡുകളും മൂന്നിലധികം ഫോണുകളും ദിലീപിന്റെ കൈവശമുണ്ട്,” ബാലചന്ദ്രകുമാര്‍ ആരോപിച്ചു.
“ഞാന്‍ ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ സങ്കീര്‍ണമായ വിവരങ്ങള്‍ ഫോണുകളില്‍ അടങ്ങിയിട്ടുണ്ട്. ഞാന്‍ ഭീഷണപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടന്നും പറഞ്ഞ് കേസ് വഴി തിരിച്ചു വിടാനുള്ള ഒരു ശ്രമം ദിലീപ് നടത്തി. ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണമെങ്കിലും ഫോണുകള്‍ പരിശോധിക്കേണ്ടതാണ്,” ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പടെ അഞ്ച് കുറ്റാരോപിതരെ ക്രൈം ബ്രാഞ്ച് മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
0 تعليقات