banner

തൻ്റെ അമ്മയെ ഒഴികെ വീട്ടിലെ എല്ലാവരെയും ഈ കേസില്‍ പ്രതി ചേര്‍ത്തു; ദിലീപ് കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ് ഹൈക്കോടതിയില്‍. തൻ്റെ അമ്മയെ ഒഴികെ വീട്ടിലെ എല്ലാവരെയും ഈ കേസില പ്രതി ചേര്‍ത്ത അവസ്ഥയാണെന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞു. ഹര്‍ജി ഹൈക്കോടതി നാളത്തേക്കു മാറ്റി.

ഏതു വിധേനയും തന്നെ കസ്റ്റഡിയില്‍ കിട്ടുകയെന്നാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്ന് ദിലീപ് പറഞ്ഞു. കേസില്‍ മാധ്യമ  വിചാരണയാണ് നടക്കുന്നത്. ഫോണ്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് അന്വേഷണ സംഘം കോടതിയില്‍ എത്തിയത്. ഇതില്‍ നോട്ടീസ് കിട്ടുന്നതിന് അര മണിക്കൂര്‍ മുമ്പ് ഒരു ചാനലില്‍ നിന്നു വിളിച്ച് പ്രതികരണം തേടി. എങ്ങനെയാണ് ചാനല്‍ ഇതറിഞ്ഞത്? അന്വേഷണ ഉദ്യോഗസ്ഥന്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് ദിലീപ് ആരോപിച്ചു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഏഴില്‍ ആറു ഫോണുകളും കോടതിക്കു കൈമാറിയെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള അറിയിച്ചു. 33 മണിക്കൂറാണ് ദിലീപ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. എന്നിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്. മാധ്യമ വിചാരണയാണ് കേസില്‍ നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. 

ഫോണ്‍ അന്വേഷണ സംഘത്തിനു കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. ഇക്കാര്യത്തിലും നാളെ തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. 

കേസില്‍ പ്രതി ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുമെന്ന  പ്രതീക്ഷിയില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി കോടതിയില്‍ ആവശ്യപ്പെട്ടു. 

അന്വേഷണം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയും പ്രതികള്‍ക്ക് അറസ്റ്റില്‍നിന്നു സംരക്ഷണം നല്‍കരുത്. മുന്‍കൂര്‍ ജാമ്യത്തിനല്ല, റെഗുലര്‍ ജാമ്യത്തിനു പോലും പ്രതികള്‍ക്ക് അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഈ കേസില്‍ നടക്കുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിയാണ് ഇവിടെ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നത്. ഫോണുകള്‍ കൈവശമുണ്ട്, എന്നാല്‍ കൈമാറാനാവില്ലെന്നാണ് പ്രതി പറഞ്ഞത്. ഈ പ്രതിക്ക് എന്താണിത്ര പ്രത്യേകത? മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അതു തെറ്റായ കീഴ് വഴക്കം ആവുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments