banner

6 മാസം 'കോമ'യിൽ; മലയാളി ആരോഗ്യപ്രവർത്തകൻ ജീവിതം തിരിച്ചുപിടിച്ച കഥ

അബുദാബി : ക്ഷമയില്ലാത്ത മനുഷ്യരാണ് നമ്മൾ. റേഷൻ വാങ്ങാൻ പോയാലും ആശുപത്രിയിൽ പോകേണ്ടി വന്നാലും നമ്മളെക്കുറിച്ച് മാത്രമേ നമ്മൾ ചിന്തിക്കാറുള്ളു. അത്തരത്തിലുള്ള മനുഷ്യരോട് അരുൺകുമാർ പറയുന്നത് ആറ് മാസം നീണ്ട ക്ഷമയുടെ കഥയാണ് വിധിയോട് പോരാടിയ ജീവിത കഥ.

അബുദാബിയിലെ എൽഎൽഎച്ച് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അരുൺകുമാർ എം നായർ എന്ന മലയാളി യുവാവ്. മുപ്പത്തിയെട്ടുവയസ്സ് മാത്രം പ്രായമുള്ള അരുൺ കുമാറിനെ തേടി കഴിഞ്ഞ വർഷം ജൂലൈയിലാണ് കൊവിഡ് കടന്നു വരുന്നത്. 

കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ജൂലൈയിൽ തന്നെ അദ്ദേഹത്തെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പിന്നാലെ അവിടെ വച്ച് ആരോഗ്യനില അതിവേഗം വഷളാവുകയും. ശ്വസിക്കാൻ പാടുപെടുന്ന അവസ്ഥയിലേക്ക് കൊവിഡ് അദ്ദേഹത്തെ എത്തിക്കുകയും ചെയ്തു. പരിശോധനയിൽ ശ്വാസകോശത്തിൽ ഗുരുതര അണുബാധയുള്ളതായി ഡോക്ടർമാർ കണ്ടെത്തി.

സ്വയം ശ്വസിക്കാൻ സാധിക്കാതെ വന്നതോടെ അരുണിന് ജൂലൈ 31 ന് എക്സ്ട്രാ കോർപോറിയൽ മെംബ്രെയ്ൻ ഓക്സിജൻ പിന്തുണ നൽകി.118 ദിവസം ഈ സംവിധാനത്തിൽ തുടർന്നു. ഇതിനിടെ നിരവധി ശസ്ത്രക്രിയകൾക്ക് അദ്ദേഹം വിധേയനായി. ഹൃദയസ്തംഭനവും ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളും അതിജീവിച്ചു.

അഞ്ചുമാസത്തോളം ബുർജീൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേഷൻ പിന്തുണയോടെയായിരുന്നു അരുണിന്റെ ജീവിതം. താരിഖ് അലി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം അരുണിന്റെ ജീവനായി കിണഞ്ഞു പരിശ്രമിച്ചു. ഒരു മാസം മുൻപാണ് അരുൺ തീവ്ര പരിചരണ വിഭാഗത്തിൽനിന്ന് പുറത്തെത്തിയത്. ഇപ്പോൾ ആശുപത്രി വാസത്തിൽനിന്നും പുറത്തേക്കു കടക്കുകയാണ്.


സഹപ്രവർത്തകർ തന്നെ മരണത്തിന്റെ മുന്നിൽനിന്നാണ് രക്ഷപ്പെടുത്തിയതെന്ന് അരുൺ പറഞ്ഞു. തന്റെ ജീവൻ രക്ഷിക്കുന്നതിനും കുടുംബവുമായി വീണ്ടും ഒരുമിക്കാൻ അവസരം ഒരുക്കിയതിനും മെഡിക്കൽ സംഘത്തിന് നന്ദി അറിയിക്കുന്നതായും അരുൺ പറഞ്ഞു.

“എനിക്ക് ഒന്നും ഓർമയില്ല. മരണത്തിന്റെ മുന്നിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് മാത്രം എനിക്കറിയാം. ഒരു പുതിയ ജീവിതം നൽകി അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നൂറുകണക്കിന് ആളുകളുടെയും പ്രാർത്ഥനയുടെ ശക്തിയിലാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്. എനിക്കു നൽകിയ അസാമാന്യമായ ചികിത്സയ്ക്കും പരിചരണത്തിനും നന്ദി പറയാൻ വാക്കുകളില്ല. അവരുടെ നിരന്തര പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ ജീവിതം തിരിച്ചു കിട്ടുമായിരുന്നില്ല. ഈ പുതിയ ജീവിതത്തിന് ഞാനും കുടുംബവും ബുർജീൽ ഹോസ്പിറ്റലിനോടും ഡോ. താരിഖിനോടും എന്നും കടപ്പെട്ടിരിക്കും,” അരുൺ കുമാർ പറഞ്ഞു.


ഭർത്താവിന്റെ അവസ്ഥ കണ്ട് ആകെ തകർന്നു പോയിരുന്നെന്നും എന്നാലും അദ്ദേഹം ആരോഗ്യത്തോടെ മടങ്ങിവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും അരുൺ കുമാറിന്റെ ഭാര്യ പറഞ്ഞു. അരുൺ കോമയിലായതോടെ ഭാര്യയും മക്കളും അബുദാബിയിലേക്കു വരികയായിരുന്നു.

“അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് എനിക്കറിയാമായിരുന്നു. ദേഹമാസകലം ട്യൂബുകളുള്ള അദ്ദേഹത്തെ ഐസിയു ബെഡിൽ ആദ്യം കണ്ടപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാൻ പൂർണമായി തകർന്നു. എന്നാൽ ബുർജീലിലെ മെഡിക്കൽ സംഘവും വിപിഎസ് മാനേജ്മെന്റും അരുണിന്റെ സുഹൃത്തുക്കളും വലിയ സഹായമാണ് നൽകിയത്. അവർ എന്നെ പിന്തുണയ്ക്കുകയും നല്ല ചിന്തകൾ പകരുകയും ചെയ്തു,” അവർ പറഞ്ഞു.

അരുണിന്റെ ശ്വാസകോശങ്ങളും മറ്റ് അവയവങ്ങളും ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ബലം വീണ്ടെടുക്കാൻ ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകൾ നടത്തുമെന്ന് അറിയിച്ച ഡോക്ടർമാർ അണുബാധയെത്തുടർന്ന് അരുണിന് ഓരോ ഘട്ടത്തിലും പോരാടേണ്ടിവന്നുവെന്ന് കൂട്ടിച്ചേർത്തു.

“അദ്ദേഹത്തിന്റെ ശ്വാസകോശം ആകെ നശിച്ചിരുന്നു. ഒരു ഇസിഎംഒ മെഷീന്റെ പിന്തുണയോടെ മാത്രമാണ് അദ്ദേഹം ശ്വസിച്ചത്. ഇത് ഏകദേശം 118 ദിവസം തുടർന്നു. ഒരു സാധാരണ സാഹചര്യത്തിൽ, വീണ്ടെടുക്കൽ അസാധ്യമാവുമായിരുന്നു.” അരുണിനെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്ന ഡോ. അൽഹസൻ പറഞ്ഞു.

“അരുൺ സുഖം പ്രാപിച്ചത് നമുക്കെല്ലാവർക്കും ഒരു അത്ഭുതമാണ്. ശരീരം തളർന്നിരിക്കുമ്പോൾ ഹൃദയസ്തംഭനം വരെ അദ്ദേഹം നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടവീര്യം അസാമാന്യമാണ്. അരുൺ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ കുറച്ച് സമയമെടുത്തേക്കാം. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഡ്യൂട്ടിയിൽ തിരികെയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ,” ഡോക്ടർ പറഞ്ഞു.


അരുൺ ആരോഗ്യം വീണ്ടെടുത്തത് ആഘോഷിക്കാൻ വിപിഎസ് ഹെൽത്ത്‌കെയർ അധികൃതർ ഇന്ന് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വച്ച് 250,000 ദിർഹത്തിന്റെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ചലച്ചിത്ര താരം ടൊവിനോ തോമസ് ചടങ്ങിൽ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.

അരുൺകുമാർ എം നായർ എന്ന യുവാവിൽനിന്ന് കോവിഡ് കവർന്നത് നിരവധി രോഗികൾക്ക് ആശ്രയമാകേണ്ട ആറു മാസമാണ്. തനിക്കെന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയാത്ത ഈ മുപ്പത്തിയെട്ടുകാരന് എളുപ്പത്തിൽ പറയാവുന്നത് ഇതു മാത്രമാണ്: ഈ വൈറസ് അത്ര നിസാരനല്ല, ഇതെന്റെ പുതിയ ജന്മമാണ്.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments