banner

നിയന്ത്രണങ്ങൾ കടുപ്പിച്ച് ഭരണകൂടം; ജില്ലയിൽ പൊലീസിന് കൂടുതൽ അധികാരം

കൊല്ലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ജില്ലാ ഭരണകൂടം.അവലോകനയോഗത്തിൽ നിലവിലെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനം.  

പഞ്ചായത്ത് / വാർഡ് തലങ്ങളിൽ ആർ.ആർ.റ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.വാര്‍ഡ് തലത്തില്‍ ബോധവത്ക്കരണം ശക്തമാക്കും.
അപ്പാര്‍ട്ട്മെന്റുകള്‍, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കടകൾ, ക്ലബ്ബുകൾ, മാളുകൾ മുതലായവയിൽ കോവിഡ് വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാന്‍ സ്ഥാപന ഉടമകള്‍ മാനദണ്ഡപാലനം ഉറപ്പാക്കണം. 

ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, കളിസ്ഥലങ്ങൾ, പാർട്ടി ഹാളുകൾ എന്നിവയുടെ പ്രവര്‍ത്തനം ഫെബ്രുവരി 15 വരെ നിർത്തിവയ്ക്കണം.
 ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര വ്യാവസായ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലേയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും ഹാന്റ് സാനിറ്റൈസര്‍ / ഹാന്റ് വാഷ്, തെര്‍മല്‍ സ്കാനര്‍ എന്നിവ ഉറപ്പാക്കണം. 

 ജില്ലാ
പോലീസ് മേധാവിമാര്‍, താലൂക്ക് സ്ക്വാഡ്, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ ഇക്കാര്യത്തിൽ പരിശോധന നടത്തണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തണം. ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടാഴ്ചക്കാലത്തേക്ക് ടോക്കണ്‍ സംവിധാനം വേണം.
ലിഫ്റ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി അണുവിമുക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്ഥാപന മേധാവികള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

മരണാനന്തര ചടങ്ങുകൾ, കല്യാണം എന്നിവ ,കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അതത് പ്രദേശത്തെ ആരോഗ്യ / പോലീസ് വകുപ്പുകള്‍ അവിടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
മാര്‍ക്കറ്റുകള്‍, പൊതു സ്ഥലങ്ങള്‍, ബീച്ചുകള്‍, ബസ്സ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പോലീസ്, താലൂക്ക് സ്ക്വാഡുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തണം.
കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി അത്തരം സ്ഥലങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറേ ചുമതലപ്പെടുത്തി.

കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതൽ കാണുന്ന പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ ഉണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തണം. എല്ലാ പ്രൈമറി ഹൈറിസ്ക്ക് കോണ്ടാക്ടിലുള്ളവരെ ടെസ്റ്റ് ചെയ്യേണ്ടതും റിസൾട്ട് വരുന്നതുവരെ അവർ ക്വാറന്റൈനിൽ ആണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പ് വരുത്തേണ്ടതുമാണ്.
കോവിഡ് വാക്സിനേഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം. 
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പ്രിൻസിപ്പൽ/ഹെഡ് മാസ്റ്റർ ഉടൻ തന്നെ 15 ദിവസത്തേക്ക് അടച്ചിടണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.

സ്ഥാപനങ്ങള്‍ / പൊതുവാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിന് സ്ഥാപന മേധാവികള്‍ മുൻകൈയെടുക്കണം.
റെയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനത്തിരക്കുണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനവും പ്രചരണവും മൈക്ക് അനൗണ്‍സ്മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തേണ്ടതാണ്.
കോവിഡ് വ്യാപനത്തിന് ഉത്തരവാദികളാകുന്നവര്‍ക്കെതിരെ / സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, ഇന്‍ഡ്യന്‍ പകര്‍ച്ച വ്യാധി നിയമം എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കും.

Post a Comment

0 Comments