banner

‘സി’ കാറ്റഗറി അറിയേണ്ടതെല്ലാം?; ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ. ‘സി’ കാറ്റഗറിയിൽ പുതുതായി ഉൾപ്പെട്ട കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ‘സി’ കാറ്റഗറിയിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയിലും നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് കൂടുതൽ ജില്ലകളെ ‘സി’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.

ഈ ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്ക് ഇന്നുമുതൽ വിലക്കുണ്ട്. മതപരമായ ചടങ്ങുകൾ ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമായിരിക്കും. ട്യൂഷൻ ക്‌ളാസുകളും സി കാറ്റഗറിയിൽ അനുവദിക്കില്ല.

ആശുപത്രിയിൽ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ ഓരോ കാറ്റഗറിയായി തിരിക്കുന്നത്. ആകെ രോ​ഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കോവിഡ് രോഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയത്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ‘ബി’ കാറ്റഗറിയിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ‘എ’ കാറ്റഗറിയിലുമാണ്. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞു. ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ 94 ശതമാനവും ഒമിക്രോണും ആറ് ശതമാനം ഡെല്‍റ്റയുമാണു കണ്ടെത്തിയതെന്നു മന്ത്രി വ്യക്തമാക്കി. വിദേശത്തു നിന്ന് വന്ന 80 ശതമാനം ആളുകളിലും ഒമിക്രോൺ ആണ് കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു. വരുന്ന മൂന്ന് ആഴ്ച കൂടി അതിതീവ്ര വ്യാപനം തുടരാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments