banner

തലസ്ഥാനത്ത് 4 സുപ്രീം കോടതി ജഡ്ജിമാർക്കും, 400 ലധികം പാർലമെന്റ് ജീവനക്കാർക്കും കോവിഡ്

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവുന്നു.സുപ്രീംകോടതിയിലും പാര്‍ലമെന്റിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ദില്ലിയിൽ കഴിഞ്ഞ ദിവസം ഇരുപതിനായിരത്തിന് മുകളിൽ കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.
രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് സുപ്രീം കോടതിയിലും പാർലമെന്റിലും കൊവിഡ് സ്ഥിരീകരിച്ചത്.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പാർലമെന്‍റ് ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ജനുവരി നാലു മുതൽ എട്ടുവരെ 1,409 ജീവനക്കാരിൽ നടത്തിയ പരിശോധനയിലാണ് 402 ജീവനക്കാർക്ക് രോഗബാധ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ ഒമൈക്രോൺ സ്ഥിരീകരണതിനായി പരിശോധനയ്ക്ക് അയച്ചു.

200 ലോക്സഭ ജീവനക്കാർക്കും 69 രാജ്യസഭ ജീവനക്കാർക്കും 133 മറ്റു ജീവനക്കാർക്കുമാണ് രോഗബാധ. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യസഭയിലെ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയതായി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡു അറിയിച്ചു.അണ്ടർ സെക്രട്ടറി റാങ്കിന് താഴെ ഉള്ള ഉദ്യോഗസ്ഥർക്ക് ആണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. മീറ്റിംഗുകൾ ഓൺലൈൻ ആയിരിക്കും എന്നും ഗർഭിണികളായ ജീവനക്കാരും ഭിന്നശേഷിക്കാരായ ജീവനക്കാരും ജോലിക്ക് വരേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതി ജഡ്ജിമാരില്‍ രണ്ടു പേര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രണ്ടുജഡ്ജിമാര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയത്. നിലവിൽ 150 ഓളം പേര്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
ദില്ലിയിൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു. രണ്ടാഴ്ച ഡിജിറ്റല്‍ ഹിയറിങ്ങായിരിക്കും നടത്തുക.ജനുവരി 7 മുതല്‍ ജോലിസ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ബെഞ്ചുകള്‍ ചേരാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മൊത്തം 32 ജഡ്ജിമാരില്‍ നാലുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണുള്ളത്. കോടതി കോംപൗണ്ടിനുള്ളിലെ പോസിറ്റീവിറ്റി നിരക്ക് 12.5 ശതമാനമാണ്.ദില്ലിയിൽ കഴിഞ്ഞ ദിവസം 20181 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

Post a Comment

0 Comments