banner

ആംബുലന്‍സില്‍ വന്‍ കഞ്ചാവ് കടത്ത്: മൂന്നുപേര്‍ പിടിയില്‍, വീഡിയോ പുറത്ത്

മലപ്പുറം : ആന്ധ്രാപ്രദേശില്‍നിന്ന് ആംബുലന്‍സില്‍ കടത്തുകയായിരുന്ന 46 കിലോ ഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായി. പൊലീസിന് ലഭ്യമായ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പെരിന്തല്‍മണ്ണയിലെ താഴേക്കോട്ട് വച്ച് വാഹനം നിര്‍ത്തിച്ച് പരിശോധിക്കുകയായിരുന്നു.

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍ (46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ(40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരാണു പിടിയിലായത്. കോവിഡ് ലോക്ഡൗണ്‍ സാധ്യത മുന്നില്‍ക്കണ്ട് ആന്ധ്രയില്‍നിന്ന് എത്തിച്ചതാണു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.

ചെമ്മാട്ടെ സ്വകാര്യ ആംബുലന്‍സിലാണ് കഞ്ചാവ് കടത്തിയത്. മുഹമ്മദലിയാണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. 25 പാക്കറ്റുകളിലായി ആംബുലന്‍സിന്റെ പിന്‍ ഭാഗത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്രയില്‍നിന്ന് വാഹനങ്ങളില്‍ കേരളത്തിലേക്കു വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതായും ജില്ലയില്‍ ചിലര്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു പൊലീസ് പറഞ്ഞു.

പെരിന്തല്‍മണ്ണ ഡിവൈ എസ് പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ്, എക്സൈസ് പരിശോധനകള്‍ മറികടക്കാനാണു ആംബുലന്‍സ് ഉപയോഗിച്ചതെന്നാണു പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. സംഘത്തിലെ മറ്റു കണ്ണികളെ കണ്ടെത്താന്‍ പൊലീസ്, എക്‌സൈസ് സംഘങ്ങള്‍ ശ്രമം തുടങ്ങി.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments