രോഗബാധിച്ച മൂന്നിൽ ഒരാൾ മരണപ്പെടുന്ന തരം ശേഷിയുള്ള പുതിയ തരം കൊറോണ വൈറസ് നാട്ടിലെത്തിയതായ വാർത്തകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
നിയോകോവ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ വൈറസ് ദക്ഷിണാഫ്രിക്കയിൽ വവ്വാലുകൾക്കിടയിൽ കണ്ടെത്തിയതാണെന്നും ഇത് മനുഷ്യകോശങ്ങളിൽ പ്രവേശിച്ചേക്കാമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
വാർത്താ റിപ്പോർട്ടുകൾ പ്രത്യക്ഷത്തിൽ ഒരു ചൈനീസ് ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ആ പ്രബന്ധം ഇനിയും അവലോകനം ചെയ്യപ്പെട്ടിട്ടില്ല.
എന്നിരുന്നാലും, വാർത്താ റിപ്പോർട്ടുകളും പ്രബന്ധത്തിലെ അനുമാനങ്ങളും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. ഊതിവീർപ്പിച്ച നിലയിലാണ് ഈ റിപ്പോർട്ടുകളെന്ന് ഒരു ശാസ്ത്രഞ്ജർ പറഞ്ഞു.
വ്യക്തമായി പറഞ്ഞാൽ, ഒരു നിയോകോവ് വൈറസ് യഥാർത്ഥത്തിൽ നിലവിലുണ്ട്, കുറച്ച് കാലം മുമ്പ് ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ ഇത് കണ്ടെത്തിയിരുന്നു. 2012-ൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമിന് (മെർസ്) കാരണമായ കൊറോണ വൈറസുമായി ഇതിന് വളരെ അടുത്ത സാമ്യമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
നിയോകോവി വൈറസ് വവ്വാലുകളിൽ ബാധിച്ചതിന് സഹായകരമായ തന്മാത്രകൾ സാർസ് കോവി-2 വൈറസ് മനുഷ്യരെ ബാധിക്കുന്നതിന് സഹായകമായവയ്ക്ക് സമാനമാണെന്ന് ചൈനീസ് ഗവേഷകർ അവരുടെ പഠനത്തിൽ കണ്ടെത്തി.
അത്രമാത്രമാണ് കണ്ടെത്തൽ. അതിന് ശേഷം എല്ലാം അനുമാനങ്ങളാണ്.
നിയോകോവ് ബാധ വവ്വാലുകളിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അത് ഒരിക്കലും മനുഷ്യനെ ബാധിച്ചിട്ടില്ല.
നിയോകോവ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന പുതിയ ഭീഷണിയും ഇല്ല. ലബോറട്ടറി പരീക്ഷണങ്ങളിൽ, വൈറസിന് മനുഷ്യന്റെ എസിഇ2 റിസപ്റ്ററുകളിൽ കാര്യക്ഷമമായി പ്രവേശിക്കാൻ കഴിഞ്ഞില്ല എന്ന് ഗവേഷകർ വ്യക്തമായി പറയുന്നു.
ഗവേഷകർ പിന്നീട് വവ്വാലിലും മനുഷ്യരിലുമുള്ള സ്വീകരണ സംവിധാനങ്ങളിലെ ഘടനാപരമായ വ്യത്യാസങ്ങൾ പരിശോധിച്ചു. ഒരൊറ്റ മ്യൂട്ടേഷനിലൂടെ വൈറസിനെ മനുഷ്യരിലേക്ക് തള്ളിവിടാം എന്ന് കണ്ടെത്തി. എങ്കിലും അതൊരു ലബോറട്ടറി പരീക്ഷണം മാത്രമായിരുന്നു.
മെർസ് കൊറോണ വൈറസിന്റെ വളരെ അടുത്ത ബന്ധുവാണ് നിയോകോവ് എന്ന വസ്തുതയിൽ നിന്നാണ് ഈ വൈറസ് ബാധിക്കുന്നന മൂന്നിൽ ഒരാൾ മരണപ്പെടും എന്ന അനുമാനം.
മെർബെക്കോവൈറസ് എന്ന് വിളിക്കപ്പെടുന്ന കൊറോണ വൈറസുകളുടെ വിഭാഗത്തിലാണ് മെർസ് പെടുന്നത്. ആ വിഭാഗത്തിൽ ഏകദേശം 35 ശതമാനം മരണനിരക്ക് കൂടുതലാണെന്ന് ഗവേഷണ പ്രബന്ധം പറയുന്നു.
0 Comments