banner

പടർന്ന് പിടിച്ച് ഒമിക്രോണ്‍, ജാഗ്രത വേണം; ഒറ്റദിവസം കൊണ്ട് അമേരിക്കയില്‍ മാത്രം ഒരുലക്ഷം പേരെ ആശുപത്രിയിലാക്കി!

കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്നും വൈദ്യസഹായം തേടേണ്ട അവശ്യകതയിലേക്ക് എത്തിക്കില്ലെന്നുമായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇത് ശരിയല്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒമിക്രോൺ നിസാരനല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ് അമേരിക്കയിലെ ഏറ്റവും പുതിയ സ്ഥിതി. ഇന്നലെ മാത്രം ഒരുലക്ഷം പേരെയാണ് അമേരിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ ആറര ലക്ഷം പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ മുതൽ തന്നെ അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

മുൻ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനൽകിയിരുന്നു.

ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ ആളുകളിലേക്ക് ഒമിക്രോൺ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്നം മാത്രമേ ഒമിക്രോൺ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.

മറ്റ് വകഭേദങ്ങളെപ്പോലെ ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും മുന്നറിയിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഒമിക്രോൺ വകഭേദത്തോടെ കോവിഡ് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments