banner

നാല് മലയാളികൾക്ക് പത്മശ്രീ പുരസ്കാരം: ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍; നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് മലയാളികളാണ് ഈ ക്കൊല്ലം പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ശങ്കര നാരായണ മേനോന്‍ ചുണ്ടയില്‍ (കായികം), ഡോ. ശോശമ്മ ഐപ്പ് (മൃഗസംരക്ഷണം), കവി പി നാരായണ കുറുപ്പ് (സാഹിത്യം), സാമൂഹിക പ്രവര്‍ത്തക കെവി റാബിയ (സാമൂഹിക സേവനം) എന്നിവര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം. വെച്ചൂര്‍ പശുക്കളെ വീണ്ടെടുത്തതിനാണ് ശോശമ്മ ഐപ്പ് പുരസ്‌കാരത്തിന് അര്‍ഹയായത്.

തമിഴ്‌നാട്ടിലെ കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് അവാര്‍ഡ്. പ്രഭാ അത്രെ (കല), രാധേശ്യാം ഖെംക( സാഹിത്യം), കല്യാണ്‍ സിങ് ( പൊതുപ്രവര്‍ത്തനം) എന്നിവരാണ് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ച മറ്റു മൂന്ന് പേര്‍. സിവിലിയന്‍മാര്‍ക്ക് നല്‍കുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മവിഭൂഷണ്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെ 17 പേരാണ് പത്മഭൂഷണിന് അര്‍ഹരായത്. മൂന്നാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മഭൂഷണ്‍. മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യം നദല്ല, സൈറസ് പൂനാവാല തുടങ്ങിയവര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. പത്മശ്രീ അവാര്‍ഡ് ലഭിച്ച 107 പേരുടെ പേരുകളും പ്രഖ്യാപിച്ചു.

അതേ സമയം, പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പുരസ്കാരത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല. ഇതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടുമില്ല. പത്മഭൂഷൺ പുരസ്കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താൻ നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments