2008 ൽ പാലായിലെ LIC ഏജന്റ് ആയിരുന്ന മോഹൻദാസ് പോളിസി ഉടമകളിൽ നിന്നും വാങ്ങിയ പണം എൽ ഐ സിയിൽ അടക്കാതെ മറ്റും ചിട്ടി കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിനുശേഷം തന്റെ സ്വന്തം വീടും സ്ഥലവും വിൽപ്പനയ്ക്കുണ്ട് എന്ന് പരസ്യം വെക്കുകയും ചെയ്തു. ഈ പരസ്യം മുൻനിർത്തി പലരുമായും എഗ്രിമെന്റ് വെച്ച് ലക്ഷക്കണക്കിന് രൂപ അഡ്വാൻസായി വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് വഞ്ചിതരായവർ പാലാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
2008 ൽ പതിനഞ്ചോളം വഞ്ചനാകേസുകൾ ആണ് പ്രതിയായ മോഹൻദാസിനെതിരെ പാലാ പോലീസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണത്തിനൊടുവിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി ഭാര്യയോടും മക്കളോടുമൊപ്പം നാടുവിടുകയായിരുന്നു. ഇതോടെ പോലീസ് കോടതിയെ സമീപിച്ചു. തുടർന്ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മോഹൻദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഹൻദാസ് താമസിച്ചിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പഞ്ചാബിലെത്തിയ മോഹൻദാസും ഭാര്യയും 3 വർഷത്തോളം ലുഥിയാനയിൽ അധ്യാപകരായി ജോലി ചെയ്തു. ഇയാൾ ബികോം ബിരുദധാരിയായിരുന്നു. പിന്നീട് രണ്ട് വർഷക്കാലം മോഹൻദാസ് അവിടെയുള്ള അമ്പലത്തിൽ കഴകക്കാരനായി ജോലി ചെയ്തു. ഈ സമയത്ത് ലുധിയാനയിൽ വാടകക്ക് താമസിച്ചിരുന്ന അഡ്രസ്സിൽ ഇയാൾ ആധാർ കാർഡും സ്വന്തമാക്കി.
പോലീസ് അപ്പോഴും മോഹൻദാസിന് പിന്നാലെ ആയിരുന്നു. സിനിമയെ വെല്ലുന്നതായിരുന്നു പിന്നീട് നടന്നതെല്ലാം. 2013 ൽ മോഹൻദാസിനെ അന്വേഷിച്ച് പോലീസ് പഞ്ചാബിൽ എത്തി അന്വേഷണം നടത്തിയെങ്കിലും വിവരമറിഞ്ഞ മോഹൻദാസ് ന്യൂഡൽഹിയിലേക്ക് കുടുംബസമേതം താമസം മാറ്റുകയായിരുന്നു. ന്യൂഡൽഹിയിൽ എത്തിയ പ്രതി അമ്പലക്കമ്മിറ്റിയെ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
പ്രതിയെ പിടികൂടാനായി പല അന്വേഷണസംഘങ്ങൾ രൂപീകരിച്ചെങ്കിലും കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ച പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. മൂന്ന് മാസം മുൻപ് പ്രതിയെ പിടികൂടാനുള്ള നീക്കം വീണ്ടും പുനരാരംഭിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ IPS ന്റെ നിർദേശപ്രകാരം പാലാ DYSP ഷാജു ജോസ് പുതിയ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മോഹൻദാസിന്റെ ഭാര്യയും മക്കളും വിദ്യാഭാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്ക് താമസം മാറ്റി എന്ന് മനസ്സിലാക്കി. തുടർന്ന് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോൺ കാളുകൾ പരിശോധിച്ച് ന്യൂഡൽഹിയിലെ ഒരു അമ്പലത്തിലെ നമ്പറിൽ നിന്നും നിന്നും ഭാര്യക്കും മക്കൾക്കും ഇടയ്ക്കിടെ കോളുകൾ വരുന്നത് ശ്രദ്ധിച്ചിരുന്നു.
തുടർന്ന് ന്യൂഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ എട്ടു വർഷമായി മോഹൻദാസ് ന്യൂഡൽഹിയിലെ രോഹിണിയിൽ അമ്പലത്തിൽ അക്കൗണ്ടന്റ് ആയി ജോലി എടുക്കുകയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. എ എസ് ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments