banner

റേഷൻ കടകൾ ഇനി പഴയത് പോലെ പ്രവർത്തിക്കും; നാളെ അവധി

സാങ്കേതികമായി നിലനിന്ന പ്രശ്‌നങ്ങളെ പശ്ചാത്തലത്തിൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ കൊണ്ടുവന്ന ക്രമീകരണം പിന്‍വലിച്ചു. ജനുവരി 27 മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകീട്ടു മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പകുതി ജില്ലകള്‍ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷന്‍ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ജനുവരി 25 വരെ 50,62,323 പേര്‍(55.13 ശതമാനം) റേഷന്‍ കൈപ്പറ്റി. ഇന്നലെ മാത്രം വൈകിട്ട് 6.30 വരെ 4,46,440 പേര്‍ റേഷന്‍ വാങ്ങി. കഴിഞ്ഞ മാസം 25 വരെ 52 ശതമാനം കാര്‍ഡ് ഉടമകളാണു റേഷന്‍ കൈപ്പറ്റിയിരുന്നത്.

റേഷന്‍ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയില്‍ ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ക്കു നിലവില്‍ യാതൊരു തകരാറുകളും ഇല്ലെന്നും റേഷന്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തില്‍ സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments