banner

പുതുവത്സര ആഘോഷ പാർട്ടിക്കിടെ പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്നും ചാടി, 22കാരന് ഗുരുതര പരിക്ക്

ഫ്‌ലാറ്റില്‍ ലഹരി പാര്‍ട്ടി നടക്കുന്നെന്ന് അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്നും ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുല്‍ (22) ആണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഫ്‌ലാറ്റില്‍ നിന്നും താഴേക്ക് ചാടിയത്. തൃക്കാക്കര നവോദയയിലുള്ള ഫ്‌ലാറ്റില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഫ്‌ലാറ്റില്‍ ലഹരി പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് ഷാഡോ പൊലീസും തൃക്കാക്കര പൊലീസും പരിശോധനയ്ക്ക് എത്തുകയായിരുന്നു.

ഒരു യുവതി ഉള്‍പ്പെടെ ഏഴ് പേരെ ഫ്‌ലാറ്റില്‍ നിന്നു കണ്ടെത്തി. ഇതിനിടെ അതുല്‍ ഫ്‌ലാറ്റിന്റെ ബാല്‍ക്കണി വഴി എടുത്തു ചാടുകയായിരുന്നു. ഫ്‌ലാറ്റിന്റെ കാര്‍ ഷെഡിന് മുകളിലേക്കാണ് വീണത്. ഷെഡിന്റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്ത് വീണ് കൈക്ക് ഉള്‍പ്പെടെ പരിക്കേറ്റു. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അതുല്‍. ഫ്‌ലാറ്റില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. ഫ്‌ലാറ്റില്‍ നിന്നും പിടിയിലായവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments