സ്‌കൂളുകളിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞിട്ടുണ്ടായിരുന്നു. പാലാ സെന്‍റ് തോമസ് കോളേജിൽ സഹപാഠി കൊലപ്പെടുത്തിയ നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിച്ച പി സതീദേവി ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അത്തരം പ്രൊജക്‌ടുകൾ കൊണ്ടുവരണമെന്നും,
ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും പ്രസ്താവിച്ചിരുന്നു.
വിദ്യാർത്ഥികൾക്ക് സെക്സ് എജുക്കേഷൻ നൽകേണ്ട അനിവാര്യതയുണ്ടെന്നും പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനു നടപടികൾ സ്വീകരിക്കണമെന്നും സതീദേവി കൂട്ടിചേര്‍ത്തു. പക്ഷെ തുടര്‍ന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ ആശയവും അനിവാര്യതയും മനസ്സിലാക്കാതെ ഈ പ്രസ്താവനയെ ചോദ്യം ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മൊഴി ഇങ്ങനെ ആയിരുന്നു "അത് ബാഡ് ടച്ചാണ്, അതിനാല്‍ മാമന്‍ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം.ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട് ". ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
2020 നവംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ പിടികൂടി ബലമായി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരോ വന്നതിനാല്‍ പ്രതി പിടിവിട്ടു. പേടിച്ച് വീട്ടിനകത്തേക്ക് കുട്ടി ഓടിപ്പോയി. വീട്ടുകാര്‍ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടര്‍ന്നാണ് തുമ്പ പൊലീസ് കേസെടുത്തു.
54 വയസ്സുകാരന് അഞ്ചുവര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും കോടതി വിധിച്ചു . മണക്കാട് കാലടി സ്വദേശി വിജയകുമാറിനെ (54) യാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവും അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സപെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി.
ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റിചുളിയും എന്ന അവസ്ഥയാണ്. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും എന്ന് വ്യക്തമാകുന്നു.
0 Comments